gold

എല്ലാ കണ്ണുകളും അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയില്‍, പവന്‍ വില 760 രൂപ ഉയര്‍ന്ന് 52,520 രൂപയില്‍

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയില്‍ സ്വര്‍ണ വില കുതിച്ചുയരുന്നു. ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിച്ചു.

ഇന്നലെ കേരളത്തില്‍ സ്വര്‍ണ വില പവന് 760 രൂപ വര്‍ദ്ധിച്ച് 52,520 രൂപയിലെത്തി. ഗ്രാമിന് വില 95 രൂപ ഉയര്‍ന്ന് 6,565 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,480 ഡോളറിനടുത്താണ്.ഇന്ന് പുറത്തുവരുന്ന അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയാണ് സ്വര്‍ണ വിപണി കാത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനം എടുക്കുന്നത്. ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘര്‍ഷം നിയന്ത്രണാധീനമായാല്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങും.

കഴിഞ്ഞ മാസം ബഡ്ജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണ വില പവന് ഒരവസരത്തില്‍ 50,400 രൂപ വരെ താഴ്ന്നിരുന്നു. ഇതിനു ശേഷം ഇതുവരെ പവന്‍ വിലയില്‍ 2,120 രൂപയുടെ വര്‍ദ്ധനയുണ്ടായി.