പാലക്കാട്: ഓണക്കാലം അടുത്തതോടെ വിപണിയില്‍ നേന്ത്രക്കായ വില ഉയരുന്നു. കിലോയ്ക്ക് 60 രൂപയാണ് നിലവിലെ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 14 രൂപയാണ് കൂടിയത്. ആഗസ്റ്റ് ഒന്നിന് പാലക്കാട് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 45 ആയിരുന്നു വില. ഇന്നലെ അത് 60 ആയി. ജൂലായ് ആദ്യം മൊത്തവില 38 മാത്രമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്തെ നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 37ഉം 2022ല്‍ 50ഉം ആയിരുന്നു.
നിലവില്‍ പാലക്കാട്ടേക്ക് നേന്ത്രക്കായ വരുന്നത് കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തു നിന്നുമാണ്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. വിലകൂടിയതോടെ പ്രാദേശിക നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസമായി. കിലോയ്ക്ക് ശരാശരി 40 രൂപവരെ കിട്ടുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
നേന്ത്ര വാഴ കര്‍ഷകര്‍ക്ക് ഓണവിപണിയാണ് പ്രതീക്ഷ. ഓണത്തിന് ഒരുമാസം മുമ്പേ വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് തെല്ലൊരു ആശ്വാസം നല്‍കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ട് വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് കായ വറുത്തതിന്റെ വിപണി സജീവമാകുന്നതോടെ സ്വാഭാവികമായും നാടന്‍ പച്ച നേന്ത്രക്കായയ്ക്ക് ആവശ്യം കൂടും.
കായവറുത്തതിന് കിലോയ്ക്ക് 340 രൂപയുണ്ടായിരുന്നത് 20 രൂപ വര്‍ദ്ധിച്ച് 360 ആയി. ഓണം നാളുകളില്‍ അത് 400 കടക്കുമെന്ന് ഉറപ്പായി. നേന്ത്രക്കായവില കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന സമയത്തെ വിലയാണ് ഇപ്പോഴും ചിപ്‌സിന് ഈടാക്കുന്നതെന്നും ഈനില തുടര്‍ന്നാല്‍ വില ഉയര്‍ത്തേണ്ടിവരുമെന്നും കച്ചവടക്കാര്‍ പറയുന്നു.
വില്ലനായത് മഴ
കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതും വില ഉയരാന്‍ കാരണമായി. കേരളത്തില്‍ ഇടുക്കി, വയനാട് മേഖലകളിലാണ് നേന്ത്രവാഴ കൃഷി വ്യാപകമായുള്ളത്. ശക്തമായ മഴയിലും കാറ്റിലും വയനാടിലെ ഉരുള്‍പൊട്ടലിലും വാഴകൃഷിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. മഴയില്‍ ജില്ലയില്‍ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലും വാഴകൃഷിക്ക് പരക്കെ നാശനഷ്ടമുണ്ടായി.