തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ധനകാര്യ സെക്രട്ടറി പദം ഹോട്ട് സീറ്റായി മാറി. മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥർക്ക് ഈ പദവിയിലേക്ക് വരാൻ ഭയമെന്നാണ് സെക്രട്ടേറിയറ്റിലെ സംസാരം. രണ്ടാം പിണറായി സർക്കാരിന്റെ മൂന്ന് വർഷത്തിനിടെ ഒഴിഞ്ഞു മാറുന്നത് മൂന്ന് സീനിയർ ഉദ്യോഗസ്ഥർ. തുടക്കത്തിൽ ആർ.കെ.സിംഗായിരുന്നു ധനകാര്യ സെക്രട്ടറി,പിന്നാലെ ബിശ്വനാഥ് സിൻഹയെത്തി. അദ്ദേഹവും മാറിപ്പോയതോടെയാണ് രബീന്ദ്ര അഗർവാളെത്തിയത്. നാളെ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറുകയാണ്. ടാക്സസ് സെക്രട്ടറിയായ അഡീഷണൽ ചീഫ് സെക്രട്ടറി ജയ തിലക്,കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക്, ജി.എ.ഡി. സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവരെയാണ് പകരം പരിഗണിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായേക്കും.
വകുപ്പ് എടുക്കേണ്ട ഒട്ടേറെ നിർണായക തീരുമാനങ്ങൾ ധനസെക്രട്ടറി പോലും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് കൈക്കൊള്ളുന്നുവെന്ന പരാതി ഉദ്യോഗസ്ഥർക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് സംസ്ഥാനത്തിനു വലിയ തിരിച്ചടിയാണുണ്ടാക്കിയത്.കേസ് നൽകിയില്ലായിരുന്നെങ്കിൽ സുഗമമായി ലഭിക്കേണ്ട പണം കേന്ദ്രം തടഞ്ഞു.അധിക ധനസഹായം കിട്ടിയതുമില്ല.കേസിന് പോകാനുള്ള നീക്കം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്നഉദ്യോഗസ്ഥനാണെന്ന് ആക്ഷേപമുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാറിന് താഴെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക്.അതിന്റെ സഹകരണക്കുറവ് ഉദ്യോഗസ്ഥ തലത്തിലുണ്ട്. എക്സ്പെൻഡിച്ചർ സെക്രട്ടറി കേശവേന്ദ്രകുമാർ സജീവമല്ലെന്ന ആക്ഷേപവുമുണ്ട്.റിസോഴ്സ് സെക്രട്ടറിയായി ശ്രീരാം വെങ്കിട്ടരാമനേയും എത്തിച്ചതോടെ ധനവകുപ്പിൽ ആശയക്കുഴപ്പമായി.
ജി.എസ്.ടി.നഷ്ടപരിഹാരം ഇല്ലാതായതും ഫിസ്ക്കൽ ഡെഫിസിറ്റ് ഗ്രാൻഡ് പോലുള്ള സഹായങ്ങൾ കിട്ടാനിടയില്ലാത്തതും മൂലം അടുത്ത രണ്ടു വർഷം ധനകാര്യ മാനേജ്മെന്റ് ദുർഘടമായിരിക്കും.ഭാവനാസമ്പന്നനായ ഒരു ഉദ്യോഗസ്ഥൻ ധനകാര്യസെക്രട്ടറി സ്ഥാനത്ത് വേണമെന്നാണ് ധനമന്ത്രിയുടെ താൽപര്യം. ശാരദാ മുരളീധരൻ,കെ.ആർ.ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ, ജയതിലക് എന്നീ അഡീഷണൽ ചീഫ് സെക്രട്ടറിമാരാണുള്ളത്.
ആഗസ്റ്റ് 20ന് ചീഫ് സെക്രട്ടറി ഡോ.വേണു വിരമിക്കുന്നതോടെ ശാരദാമുരളീധരൻ ചീഫ് സെക്രട്ടറിയാകും.മറ്റ് മൂന്ന് പേർക്കും ധനകാര്യ സെക്രട്ടറിയാകാൻ താൽപര്യമില്ലെന്നാണ് അറിയുന്നത്.അതോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബി.അശോക്,ടിങ്കു ബിസ്വാൾ തുടങ്ങിയവരെ പരിഗണിക്കുന്നത്.