thaniya-nadhan

മുഖം നോക്കാതെ നടപ്പാക്കപ്പെടുന്ന നീതിയുടെ പ്രതീകമാണ് കണ്ണുകെട്ടിയ നീതിദേവത. കാഴ്ചാപരിമിതിയെ മറികടന്ന് മാങ്ങാട് സ്വദേശിനിയായ താനിയ നാഥൻ അഭിഭാഷകയായത് നീതിയും നിയമവും വ്യാഖ്യാനിക്കാനുള്ള മഹത്തായ ദൗത്യത്തോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാണ്. ഉൾകണ്ണിന്റെയും ഇച്ഛാശക്തിയുടെയും വെളിച്ചത്തിൽ നീതിയുടെ വഴിയിൽ സഞ്ചരിക്കുകയാണ് ഈ പെൺകുട്ടി.


വലിയ പരിമിതികളെയും തോൽപ്പിച്ചാണ് താനിയ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിയമപഠനത്തിൽ ഒന്നാം റാങ്കുകാരി കൂടിയാണ് ഈ 22കാരി. മാങ്ങാട് ജഗന്നാഥന്റെയും ബബിതയുടെയും മകളായ താനിയ ഏഴാം ക്ലാസ്സുവരെ ധർമ്മശാല ബ്ലൈൻഡ് സ്‌കൂളിലാണ് പഠിച്ചത്. പറശ്ശിനിക്കടവ് എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ പഠനം. പ്ളസ് ടു കോറോം ഗവണ്മെന്റ് ഹൈസെക്കൻഡറി സ്‌കൂളിലായിരുന്നു.എസ്.എസ്.എൽ.സിയ്ക്കും പ്ളസ് ടുവിലും ഫുൾ എ പ്ലസായിരുന്നു. ബ്രയ്ലി ലിപിയിലൂടെയായിരുന്നു പഠനം.

പ്ളസ് ടു പഠനത്തിന് ശേഷം എൽ.എൽ.ബി തിരഞ്ഞെടുത്തു. മാതാപിതാക്കളുടെയും സഹോദരി താരയുടെയും പൂർണ പിന്തുണയുണ്ടായിരുന്നു. പ്രത്യേക കോച്ചിംഗിനൊന്നും പോയില്ല. സ്വന്തമായി പഠിച്ച് പ്രവേശന പരീക്ഷയെഴുതി. മൊബൈൽ ഫോണിലെ ഈസി സ്പീക്കസ് സംവിധാനം പഠനത്തെയും വായനയെയും എളുപ്പമാക്കി. പരീക്ഷകൾക്ക് സ്‌ക്രൈബിന്റെ സഹായമുണ്ടായിരുന്നു. കണ്ണൂർ തളിപ്പറമ്പ് കോടതിയിൽ അഡ്വ.കെ.ജി.സുനിലിന് കീഴിലാണ് പ്രാക്ടീസ്.


മൃദംഗവായനയിൽ മിടുമിടുക്കി
മൃദംഗവായനയിലും മിടുക്കിയാണ് താനിയ. തൃച്ചംബരത്തെ ശുഭം ഗുരുവിന്റെ കീഴിലായിരുന്നു പഠനം. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഈയിനത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഒരു കൈ നോക്കിയിരുന്നു.