സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമെത്തുമ്പോഴേക്കും (2047) വികസിത രാജ്യമാവുക എന്ന ലക്ഷ്യം ഇന്ത്യ കൈക്കൊണ്ടതു മുതൽ, ആ ആശയത്തിന്റെ മഹത്വവും, ഇതുവരെയുള്ള സഞ്ചാരപഥവും സാദ്ധ്യതയുമെല്ലാം രാജ്യാന്തരതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. അതിൽ ഒടുവിലത്തേതാണ് 'ദ ഫിനാൻഷ്യൽ ടൈംസ്"ദിനപത്രത്തിൽ മാർട്ടിൻ വുൾഫ് ഈയിടെ എഴുതിയ 'എന്തുകൊണ്ട് ഇന്ത്യ മഹാശക്തിയാകും" എന്ന ശീർഷകത്തിലുള്ള ലേഖനം. ജനീവയിലെ UNCTAD (യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ്) ദിവസങ്ങൾ മുതൽ ഞാൻ ശ്രദ്ധിക്കുന്ന പ്രമുഖനായ മാദ്ധ്യമ പ്രവർത്തകനാണ് അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു: 'ഇതൊരു പ്രായോഗിക അഭിലാഷമാണ്; അതേസമയം, അവിശ്വസനീയവും!"
എന്തുകൊണ്ടാണ് ഇന്ത്യയുടെ സ്വപ്നം പ്രായോഗികമാകുന്നത് എന്നതിനെക്കുറിച്ചുള്ള വുൾഫിന്റെ ചിന്തയെ ഏറ്റവും നന്നായി ഉൾക്കൊള്ളുന്ന വാചകം, 'ഇന്ത്യ മഹാശക്തിയാകും; ചൈനയ്ക്കും അമേരിക്കയ്ക്കും സമാനമാകില്ല; പക്ഷേ നിസംശയമായും വലിയൊരു ശക്തിയാകും" എന്നതാണ്. 'കൂട്ടിയിണക്കുന്ന രാജ്യം" ആയതിനാൽ ഇന്ത്യയ്ക്ക് ആഗോള സാമ്പത്തിക ഫലങ്ങൾ രൂപപ്പെടുത്താൻ കഴിയും, അതു ചെയ്യണം. അമേരിക്ക സാങ്കേതികമായി കൂടുതൽ പുരോഗമിച്ചതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതുമായ രാജ്യമായിരിക്കാം. ഇന്ത്യയുടെ നിർമ്മാണ വൈദഗ്ദ്ധ്യത്തിന് ചൈനയ്‌ക്കൊപ്പമെത്താൻ കഴിയുകയുമില്ല. ആഗോള വ്യാപാരം, നിക്ഷേപം, സാങ്കേതിക കുതിപ്പ് എന്നിവയിൽ ഏറെ വൈകി കടന്നുവന്നതിന്റെ പോരായ്മ മറികടക്കാൻ ഇന്ത്യയ്ക്ക് അതിശയകരമായ കുതിച്ചുചാട്ടം നടത്താൻ കഴിയുന്നില്ലെങ്കിൽ ആർക്കും ഈ വിലയിരുത്തലിനോട് തർക്കിക്കാനാകില്ല.
അതിവേഗ വളർച്ചാനിരക്കും വലിയ പരിശ്രമങ്ങളും ഉണ്ടെങ്കിലും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2047- ഓടെ ഗ്രീസിന്റെ പ്രതിശീർഷ ജി.ഡി.പിയുടെ 60 ശതമാനം മാത്രമേ എത്തുകയുള്ളൂ എന്നതാണ് ഇന്ത്യ മഹാശക്തിയാകാനുള്ള സാദ്ധ്യതയെ അദ്ദേഹം ചോദ്യം ചെയ്യുന്ന പ്രധാന ഘടകം. വുൾഫ് വിലയിരുത്തുന്ന ചില പ്രധാന വിഷയങ്ങൾ നിറവേറ്റാനുള്ള പാതയിലാണ് ഇന്ത്യ. 2023-24 സാമ്പത്തിക വർഷത്തിൽ ആഗോള ഉത്പാദനത്തിൽ 8.2 ശതമാനം വർദ്ധനവുണ്ടായി. വുൾഫ് പറയുന്നതുപോലെ, തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗണ്യമായി കുറയ്ക്കുകയും തൊഴിൽ ശക്തിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്ത് ഈ വളർച്ചാമുന്നേറ്റം തുടരാം.
വ്യാപാര അനുപാതം കുറയാതിരിക്കണമെങ്കിൽ ഇന്ത്യൻ കയറ്റുമതി ഇരട്ടിയെങ്കിലും വേഗത്തിൽ വളരണമെന്ന നിബന്ധന സാധുതയുള്ളതാണ്. വ്യാപാരത്തോടുള്ള വിമുഖതയ്‌ക്കെതിരെ അദ്ദേഹം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ ചെറിയ വിഹിതവും, ചരിത്രപരമായ മോശം പ്രകടനവും കയറ്റുമതി ആഭിമുഖ്യത്തിൽ നിന്ന് അകന്നുപോകുന്നതിന്റെ ലക്ഷണങ്ങളായി വുൾഫ് കണക്കാക്കുന്നു. ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് തടസമായേക്കാവുന്ന ആന്തരികവും ബാഹ്യവുമായ സാഹചര്യങ്ങളിലും നയങ്ങളിലുമുള്ള പോരായ്മകളിലേക്കും വുൾഫ് വിരൽചൂണ്ടുന്നു. സ്ഥിരത നിലനിറുത്തൽ, വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ, നിയമവാഴ്ച സംരക്ഷിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, മികച്ച നിക്ഷേപക അന്തരീക്ഷം സൃഷ്ടിക്കൽ, ആന്തരിക നിക്ഷേപം പ്രോത്സാഹിപ്പിക്കൽ,സംശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തൽ... തുടങ്ങിയ വിവിധ ആഭ്യന്തര വെല്ലുവിളികൾ ഇന്ത്യ മറികടക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മാർട്ടിൻ വുൾഫിന്റെ ഉപദേശം, കേന്ദ്ര സർക്കാർ സാംസ്കാരിക യുദ്ധങ്ങളേക്കാൾ, സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പുനഃസ്ഥാപിക്കണമെന്നതാണ്. ഗവൺമെന്റിന്റെ 'സബ്കാ വികാസ്" ഊന്നൽ നൽകുന്നത് സാമ്പത്തിക വളർച്ചയിലും എല്ലാവരുടെയും ക്ഷേമത്തിലുമാണ്. 2014 മുതൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റേതൊരു സർക്കാരിനേക്കാളും ക്ഷേമ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 800 ദശലക്ഷം പേർക്കുള്ള സൗജന്യ ഭക്ഷണം മുതൽ സബ്സിഡി നിരക്കിൽ പാർപ്പിടം, ശുചിത്വം, ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസവും നൈപുണ്യവും, ഊർജ ലഭ്യത, ഉപജീവനം, തൊഴിൽ, ഗ്രാമവികസനം എന്നിങ്ങനെ ക്ഷേമ കാര്യങ്ങളിൽ ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു.
ജി.എസ്.ടി നടപ്പാക്കൽ പോലുള്ള വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ, ആസ്തി ധനസമ്പാദനം, തൊഴിൽ നിയമ പരിഷ്‌കാരങ്ങൾ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയവ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധേയമാണ്. നിക്ഷേപ സൗഹൃദ നിലപാടുകളുള്ള മോദി സർക്കാർ 25,000 അനാവശ്യ ചട്ടങ്ങൾ ഇല്ലാതാക്കിയതും, 1400-ലധികം പുരാതന നിയമങ്ങൾ റദ്ദാക്കിയതും വ്യാപാരം, വ്യവസായം തുടങ്ങിയവയ്ക്ക് അനുഗുണമായ നയപരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.
കൊവിഡ് മഹാമാരിക്കാലത്ത് വൻ ശക്തികൾ പരാജയപ്പെട്ടപ്പോൾ, മറ്റു വികസ്വര രാജ്യങ്ങളെ പിന്തുണച്ച് ഇന്ത്യ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. റഷ്യ- യുക്രെയ്ൻ സംഘർഷവും മറ്റു പ്രതിസന്ധികളും ഉണ്ടായിരുന്നിട്ടും ഗ്ലോബൽ സൗത്തിനെ ബാധിച്ച ഇന്ധന- ഭക്ഷണ - സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് ഇന്ത്യയ്ക്കു കഴിഞ്ഞു. വെല്ലുവിളികൾ ഇനിയും ശേഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ നിക്ഷേപം നടത്തുന്നത് തുടരുക, തൊഴിൽശക്തിക്ക് ഉചിതമായ രീതിയിൽ വൈദഗ്ദ്ധ്യം നൽകുക, തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങളിൽ ഉയർന്ന നിലവാരമുള്ള ജോലികൾ പ്രദാനം ചെയ്യുക, സമഗ്രമായ നഗരവത്കരണം, ഡിജിറ്റൽ വിപ്ലവം നയിക്കൽ, കാർഷിക ഉത്പാദനക്ഷമത വർദ്ധിക്കൽ, ഹരിത പരിവർത്തനം സാദ്ധ്യമാക്കൽ തുടങ്ങിയവയിലെല്ലാം ഘടനാപരമായ
പരിവർത്തനം കൈവരിക്കുന്നതിന് ഇന്ത്യ കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്.
മുൻനിര ശക്തി എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ച ചൈനയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. അത് സൗമ്യവും പ്രയോജനകരവുമായിരിക്കുകയും ചെയ്യും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, വിഘടിത ലോകത്തെ ഏകീകരിക്കാനുള്ള കഴിവ് ഇന്ത്യ പ്രകടമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, 2023- ലെ ജി 20 ന്യൂഡൽഹി ഉച്ചകോടിയിൽ സമവായം കെട്ടിപ്പടുക്കുന്നതിനും, സഹകരണപരവും പരസ്പര പ്രയോജനകരവുമായ ധർമ്മചിന്തയ്ക്കുമായി ഇന്ത്യ നിലകൊണ്ടു. മറ്റു ചില വലിയ ശക്തികൾ തങ്ങളുടെ ദേശീയ താത്പര്യങ്ങൾ മറ്റുള്ളവർക്ക് ഗുരുതരമായ ആഘാതം സൃഷ്ടിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഇത്.
വികസനത്തിലേക്കുള്ള സുസ്ഥിര പാത രൂപപ്പെടുത്തുന്നതിലൂടെ ഇന്ത്യ വലിയ ശക്തിയായി മാറുന്നതിൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്ക് വ്യവസ്ഥാപരമായ പങ്കുണ്ട്. ഇന്ത്യ വിജയിച്ചാൽ ലോകം ജയിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങളിലും, പാരീസ് കാലാവസ്ഥാ ഉടമ്പടിയിലും രാജ്യങ്ങളുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിൽ ഇന്ത്യ ഏറ്റവും മുന്നിലാണ്. ഉയർന്ന കാർബൺ പുറന്തള്ളലിനും നെറ്റ് സീറോ സ്റ്റാറ്റസിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ സമയ പരിധികളിലൊന്ന് നിർദേശിച്ചത് ഇന്ത്യയാണ്. കരുത്തുറ്റ സൗരോർജ ആവാസവ്യവസ്ഥ, എഥനോൾ മിശ്രണവും മറ്റ് ജൈവ ഇന്ധനങ്ങളും, ഹരിത ഹൈഡ്രജൻ തുടങ്ങിയവയെല്ലാം ഇന്ത്യയുടെ സമഗ്രമായ ഹരിത ദർശനത്തിന്റെയും പ്രവർത്തനത്തിന്റെയും തെളിവാണ്.
ഇന്ത്യയുടെ വികസന സങ്കല്പം പാശ്ചാത്യ സമ്പദ് വ്യവസ്ഥകൾ നിർവചിച്ചിരിക്കുന്ന സങ്കല്പങ്ങളെയോ വരുമാന പരിധികളെയോ പാലിക്കുന്നില്ലായിരിക്കാം. എന്നാൽ അടിസ്ഥാന സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളില്ലാത്ത ചൈനയുടെയും മറ്റു ചില രാഷ്ട്രങ്ങളുടെ ഉദാഹരണം, വികസനത്തിന്റെയോ മഹത്വത്തിന്റെയോ സത്ത പിടിച്ചെടുക്കുന്നതിൽ അത്തരം അളവുകോലുകളുടെ പോരായ്മ വെളിപ്പെടുത്തുന്നതാണ്. സാമ്പത്തിക മഹാശക്തി എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പാത സ്വന്തം നാട്ടിലെ സമഗ്രമായ മനുഷ്യ വികാസത്തിലാണ്. അതിനാൽ എല്ലാ പൗരന്മാർക്കും സമൃദ്ധമായ അവസരങ്ങൾ ഉണ്ടായിരിക്കും. 'വസുധൈവ കുടുംബക" ഐക്യദാർഢ്യത്തിൽ അധിഷ്ഠിതമായ മനുഷ്യ കേന്ദ്രീകൃത പുനർ ആഗോളവൽക്കരണത്തെ നയിക്കാൻ ഇന്ത്യയ്ക്ക് കഴിയുകയും ചെയ്യും.
പ്രമുഖ സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ദ്ധരും പ്രവചിക്കുന്നത് 2047-ഓടെ ഇന്ത്യ 26- 55 ട്രില്യൺ (ഒന്നിനു ശേഷം 12 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ട്രില്യൺ) യു.എസ് ഡോളറിനും, അപ്പോഴുള്ള പി.സി.ഐയുടെ 6-10
മടങ്ങിനും ഇടയിലുള്ള ജി.ഡി.പിയിൽ എത്തുമെന്നാണ്. രണ്ടാമത്തെ വലിയ, സാങ്കേതികമായി വികസിച്ച സമ്പദ് വ്യവസ്ഥയും വിപണിയുമെന്ന നിലയിൽ ഇന്നത്തെ മറ്റ് വലിയ ശക്തികളെക്കാൾ വളരെ മുന്നിലെത്തി, ഇന്ത്യ ആഗോള നന്മയ്ക്കായുള്ള മഹാശക്തിയാകുന്നത് സങ്കല്പിച്ചു നോക്കൂ!
(യു.എൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യു.എൻ വിമൺ ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടറുമാണ് ലേഖിക. ഹംഗറിയിലെ മുൻ ഇന്ത്യൻ അംബാസഡർ. കർണാടക സ്വദേശി)