d

മുംബയ്: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കലിനെ നിയമിച്ചു. മുൻബൗളിംഗ ് പരിശീലകൻ പരസ് മാംബ്രെയ്ക്ക് പകരക്കാരനായാണ് മുപ്പത്തിയൊമ്പതുകാരനായ മോർക്കലെത്തുന്നത്. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായാണ്ഇക്കര്യം അറിയിച്ചത്. പ്രധാന പരിശീലകൻ ഗൗതം ഗംഭീറിന്റെ അടുത്ത സുഹൃത്താണ് മോർക്കൽ. സെപ്തംബർ 19ന് ചെന്നൈയിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലായിരിക്കും മോർക്കൽ ചുമതലയേറ്റെടുക്കുക.

സഹീർഖനെ ബൗളിംഗ് പരിശീലകനാക്കാനായിരുന്നു ബി.സി.സി.ഐയ്ക്ക് താത്‌പര്യമെങ്കിലും ഗംഭീറിന്റെ നിർബന്ധത്തെ തുടർന്നാണ് മോർക്കലിന്റെ പേര് അംഗീകരിച്ചത്. വിനയ്‌കുമാ‌ർ, ലക്ഷ്‌മിപതി ബാലാജി എന്നിവരെയും പരിഗണിച്ചിരുന്നു.

ഐ.പി.എൽ ടീമായ ലക്മൗ സൂപ്പർ ജയ്ന്റ്സിന്റെ പരിശീലക സംഘത്തിൽ ഗംഭീറും മോർക്കലും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഗംഭീർ മെന്ററായിരുന്ന രണ്ട് വർഷവും മോർക്കലായിരുന്നു ലക്നൗവിന്റെ ബൗളിംഗ് കോച്ച്.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു മോർക്കൽ. എന്നാൽ കാലാവധി തീരുംമുൻപേ അദ്ദേഹം രാജിവച്ചിരുന്നു. 86 ടെസ്റ്റുകളിലും 117ഏകദിനങ്ങളിലും 44 ട്വന്റി-20 കളിലും ദക്ഷിണാഫ്രിക്കൻ ജേഴ്സി അണിഞ്ഞ മോർക്കൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി ആകെ 544 വിക്കറ്റുകൾ സ്വന്തമാക്കി.

രാഹുൽ ദ്രാവിഡിനൊപ്പം പരിശീലക സംഘത്തിൽ ഉണ്ടായിരുന്നവരിൽ ഫീൽഡിംഗ് കോച്ച് ടി.ദിലീപിനെ മാത്രമാണ് നിലനിറുത്തിയത്. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ഗംഭീർ മെന്റർ ആയിരുന്ന കൊൽക്കത്ത നൈറ്റ റൈഡേഴ്സിന്റെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്ന അഭിഷേക് നായർ. റയാൻ ടെൻഡോഷെ എന്നിവരും ഇന്ത്യൻ ടീമിൽ സഹപരിശീലകരായുണ്ട്.