ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന കന്നട നടൻ ദർശൻ തൂഗുദീപ കുഴഞ്ഞുവീണു. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സുഖം പ്രാപിച്ചുവരികയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. അതേസമയം, നടൻ പുറത്തിറങ്ങുന്നത് വരെ പരിഭ്രാന്തരാകരുതെന്നും ശാന്തരായിരിക്കണമെന്നും ദർശന്റെ ഭാര്യ വിജയ ലക്ഷ്മി ആരാധകരോട് അഭ്യർത്ഥിച്ചു. കുറച്ചുദിവസങ്ങളായി ദർശന്റെ ആരോഗ്യം മോശമായിരുന്നെന്നും തുടർന്നാണ് കുഴഞ്ഞുവീണതെന്നും വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദർശന്റെ ഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും മുൻ സഹതടവുകാരൻ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ കണ്ണുകളിലും മുഖത്തും ക്ഷീണം കാണാം. വായനയിൽ മുഴുകിയാണ് ദർശൻ ദിവസങ്ങൾ തള്ളി നീക്കാൻ ശ്രമിക്കുന്നതെന്നും സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശന് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് കുഴഞ്ഞുവീണത്.
ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുമാസം മുൻപാണ് ദർശനും സുഹൃത്തായ പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തത്.
19 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊല്ലപ്പെട്ടത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. പവിത്രയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ രേണുകാസ്വാമി നിരന്തരം അപകീർത്തിപ്പെടുത്തിയിരുന്നെന്നും ഇതാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. നടി പവിത്ര ഗൗഡയും ദർശനുമായി പത്തുവർഷമായി അടുപ്പമുണ്ടായിരുന്നതായാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് പവിത്രയും ദർശന്റെ ഭാര്യ വിജയലക്ഷ്മിയുമായി തർക്കമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
പവിത്രയ്ക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് 'ചലഞ്ചിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം' എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ പോസ്റ്റുചെയ്തു.
ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകർ പവിത്രയ്ക്കെതിരെ വരികയും ക്ഷോഭം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സമയത്താണ്
ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സമൂഹ മാദ്ധ്യമത്തിൽ
മോശം കമന്റിട്ടതും. അവർക്ക് സന്ദേശങ്ങൾ അയച്ചതും. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുകയാണെന്ന് ഇയാൾ ആരോപിച്ചിരുന്നു.
'ദർശൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ അവസ്ഥയിൽ അദ്ദേഹത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വരുന്നത് സങ്കടകരമാണ്. പുറത്തുള്ള സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് വിശദമായി സംസാരിച്ചു, അദ്ദേഹത്തിന് വേദനയുണ്ട്. തന്റെ ആരാധകരോട് ശാന്തരായിരിക്കാനും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹം നിങ്ങളുടെ പ്രാർത്ഥനയുടെ ഭാഗമാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്'.
-വിജയലക്ഷ്മി
ദർശന്റെ ഭാര്യ