ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ ഇതിഹാസ ഗോൾ കീപ്പറും മുൻ ക്യാപ്ടനുമായ മലയാളി താരം പി.ആർ ശ്രീജേഷിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ 16-ാം നമ്പർ ജേഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ. ഇന്ത്യൻ പുരുഷ ഹോക്കി ടീമിൽ ഇനിയാർക്കും 16-ാം നമ്പർ ജേഴ്സി നൽകില്ല.18 വർഷം നീണ്ട കരിയറിൽ രണ്ട് ഒളിമ്പിക്സ് വെങ്കലം ഉൾപ്പെടെ രാജ്യത്തിന് നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ഡൽഹിയിൽ ഹോക്കി ഇന്ത്യയുടെ നേതൃത്വത്തിൽ ശ്രീജേഷിന് യാത്രയയപ്പ് നൽകി. പി.ആർ.ശ്രീജേഷ് -ദി ഗോഡ് ഓഫ് ഇന്ത്യൻ ഹോക്കി എന്ന പേരിൽ നടത്തിയ ചടങ്ങിൽ ശ്രീജേഷിന്റെ 16-ാം നമ്പർ ജേഴ്സി അണിഞ്ഞാണ് സഹതാരങ്ങൾ എത്തിയത്.