
കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്‌ടർ കൊല്ലപ്പെട്ട കേസിൽ കൂട്ടമാനഭംഗ സാദ്ധ്യത ഉൾപ്പെടെ പരിശോധിച്ച് സി.ബി.ഐ. കൽക്കട്ട ഹൈക്കോടതി വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം, ആറ് നിർണായക വിഷയങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. മകൾ കൂട്ടമാനഭംഗത്തിനിരയായെന്ന സംശയം മാതാപിതാക്കളും ഉന്നയിച്ചു. നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു കുറ്റകൃത്യവുമായി പങ്കുണ്ടോയെന്നതും അന്വേഷിക്കണം. മൃതദേഹത്തിൽനിന്ന് 150 മില്ലിഗ്രാം പുരുഷബീജം ലഭിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത്രയും കൂടിയ അളവുള്ളതിനാൽ ഒന്നിൽക്കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കൂട്ടമാനഭംഗം നടന്നതിന്റെ സൂചനയാണിതെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ഡോ. സുബർണ ഗോസ്വാമി പ്രതികരിച്ചു. സിവിക് വോളിയന്റർ സഞ്ജയ് റോയ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.
വൻസന്നാഹം
മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. അന്വേഷണത്തെ സഹായിക്കാൻ ഡോക്‌ടർമാർ, ഫൊറൻസിക് വിദഗ്ദ്ധർ എന്നിവരടങ്ങുന്ന സംഘവും കൊൽക്കത്തയിലെത്തി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. പ്രതിയെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കുന്നു.
ഒരാൾക്ക് മാത്രമോ പങ്ക്
ആറ് നിർണായക വിഷയങ്ങൾ
1. കുറ്റകൃത്യത്തിൽ ഒരാൾക്ക് മാത്രമാണോ പങ്ക് ?
2. കൂടുതൽ പേർക്ക് പങ്കുണ്ടോ ?
3. സംഭവത്തിന് ശേഷം തെളിവുകൾ നശിപ്പിക്കപ്പെട്ടോ ?
4. ബലാത്സംഗ കാെലപാതകത്തെ എന്തുകൊണ്ടാണ് ആദ്യം ആത്മഹത്യയായി വിലയിരുത്തിയത് ?
5. ആശുപത്രി അഡ്മിനിസ്ട്രേഷന് പങ്കുണ്ടോ ?
6. പുലർച്ചെ നടന്ന സംഭവം പൊലീസിനെ അറിയിക്കാൻ വൈകിയതെന്ത് ?
അടിയന്തരയോഗം വിളിച്ച് ഗവർണർ
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ സർവകലാശാല വി.സിമാരുടെ അടിയന്തര യോഗം വിളിച്ച ഗവർണർ ഡോ. സി.വി. ആനന്ദബോസ്, ക്യാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി. പൊലീസ് കേസ് കൈകാര്യം ചെയ്‌ത രീതിയെ വിമർശിച്ചു. പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും. 12 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും തൂക്കുകയർ ഉറപ്പാക്കുമെന്ന് മാതാപിതാക്കളോട് പറഞ്ഞതായും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അതേസമയം, പ്രതിയെ രക്ഷിക്കാൻ ശ്രമമുണ്ടായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കേസ് കൈകാര്യം ചെയ്തതിലെ വീഴ്ചയെ വിമർശിച്ചു. ഇരയ്ക്ക് നീതി നൽകുന്നതിനു പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് ആശുപത്രിക്കും ഭരണകൂടത്തിനുമെതിരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധം തുടരുന്നു
ബംഗാളിലുൾപ്പെടെ നടന്നുവരുന്ന ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വകാര്യ ആശുപത്രികളിലും സമരം നടന്നു. ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് റസിഡന്റ് ഡോക്‌ടേഴ്സ് അസോസിയേഷൻ (ഫോർഡ) സമരം പിൻവലിച്ചിരുന്നു. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലും, ഡൽഹി എയിംസിലും പ്രതിഷേധം തുടരുകയാണ്. ഇരയുടെ വീട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംഘം സന്ദർശിച്ചു.
വിവാദ ഉത്തരവ് പിൻവലിച്ചു
ഡോക്ടറുടെ കൊലപാതകത്തോട് അനുബന്ധിച്ച് അസാമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു.വനിതാ ജീവനക്കാരും വിദ്യാർത്ഥിനികളും അസമയത്ത് ക്യാമ്പസിൽ തനിച്ച് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ഉത്തരവ്. രാജ്യവ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെ പിൻവലിക്കുകയായിരുന്നു.