accident-

ന്യൂഡൽഹി: ലോകമാകെ വാഹനാപകടങ്ങളിൽ മരണം സംഭവിക്കുന്ന കണക്ക് നോക്കിയാൽ ഏറെ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവുമധികം അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളാണ്. അശ്രദ്ധമായും അമിതവേഗത്തിലും ഓടിക്കുന്ന ഡ്രൈവർമാർ ഇന്ത്യയിലെ എല്ലാ വിഭാഗം വാഹനങ്ങളുടെതിലും മുൻപന്തിയിലാണ്. ഇരുചക്ര വാഹന അപകടങ്ങളിൽ ഏറ്റവുമധികമായി കണ്ടുവരുന്ന പ്രവണത ഇരുചക്ര വാഹനങ്ങൾ തമ്മിലെ അപകടമാണ്. അതിൽതന്നെ ഒരുവാഹനം രണ്ട് വാഹനങ്ങളെ അപകടത്തിൽ പെടുത്തുന്ന സ്ഥിതിവരെയുണ്ട്. ഏറ്റവുമധികം അപകടമുണ്ടാക്കുന്നതും അപകടത്തിന് ഇരയാകുന്നതും ഇരുചക്ര വാഹനങ്ങളാണ്.

അപകട മരണങ്ങൾ കുറയ്‌ക്കാൻ ഇരുചക്ര വാഹനം ഓടിക്കുന്നവരും പിന്നിലുള്ള സഹയാത്രികനും ഹെൽമറ്റ് ധരിക്കണമെന്നത് സ‌ർക്കാർ നിർബന്ധമായും നൽകിയ നിർദ്ദേശമാണ്. ശേഷവും അപകടമുണ്ടാകുന്നതിന് കാരണങ്ങളിലൊന്ന് ഐഎസ്‌ഐ മുദ്രണമില്ലാത്ത നിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതാണ്. ഇത്തരം നിലവാരമില്ലാത്ത ഹെൽമറ്റുകളുടെ വിൽപന തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപടിക്കൊരുങ്ങുകയാണ്. പുതിയ നീക്കമനുസരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ഐഎസ്‌ഐ മുദ്ര‌യില്ലാത്ത ഹെൽമറ്റുകളുടെ വിൽപന തടയാൻ നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് സൂചനകൾ. ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാൻ ജില്ലാ കളക്‌ടർമാർക്ക് കേന്ദ്ര നിർദ്ദേശമുണ്ട്.

ഐഎസ്‌ഐ മുദ്ര‌യില്ലാത്ത മോശം ഹെൽമറ്റുകൾ നിർമ്മിക്കുന്ന ഫാക്‌ടറികളെ പൂട്ടി സീൽ ചെയ്യാനാണ് മന്ത്രാലയ നിർദ്ദേശം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേ‌ർഡ്‌സ് സർട്ടിഫിക്കേഷൻ ഇല്ലാത്ത ഹെൽമറ്റുകൾ ധരിക്കുന്നവരാണ് പലപ്പോഴും മരിക്കുന്നതെന്ന് സൂചിപ്പിച്ചാണ് നടപടി കടുപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നത്.