ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)മേധാവിയായി രാഹുൽ നവീനെ നിയമിച്ചു. 1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥനാണ്. സഞ്ജയ് കുമാർ മിശ്ര 2023 സെപ്‌തംബറിൽ വിരമിച്ച ശേഷം ഇ.ഡി ആക്ടിംഗ് ഡയറക്ടറായി സേവനമനുഷ്‌ഠിക്കുകയായിരുന്നു. ഇക്കാലത്താണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇ.ഡി അറസ്റ്റ് ചെയ്‌തത്.
ബീഹാർ സ്വദേശിയായ നവീൻ 2019 നവംബറിൽ ഇ.ഡിയിൽ സ്‌പെഷ്യൽ ഡയറക്ടറായി. കാൺപൂരിലെ ഐ.ഐ.ടിയിൽ നിന്ന് ബിടെക്കും എംടെക്കും മെൽബൺ സ്വിൻബേൺ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയിൽ നിന്ന് എം.ബി.എ ബിരുദവും നേടി. 30 വർഷം ആദായ നികുതി വകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ട് വർഷമാണ് കാലാവധി.
ഗോവിന്ദ് മോഹൻ പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ന്യൂഡൽഹി: നിർണായക പദവികളിൽ അഴിച്ചുപണി തുടരുന്ന കേന്ദ്ര സർക്കാർ ആഭ്യന്തര സെക്രട്ടറിയായി നിലവിൽ സാംസ്കാരിക സെക്രട്ടറിയായ ഗോവിന്ദ് മോഹനെ നിയമിച്ചു. ആഗസ്റ്റ് 22 ന് കാലാവധി അവസാനിക്കുന്ന അജയ് കുമാർ ഭല്ലയുടെ പിൻഗാമിയായാണ് നിയമനം.
ജമ്മുകാശ്മീർ തിരഞ്ഞെടുപ്പ് അടക്കം അടുത്ത നിർണായക ഘട്ടത്തിലാണ് ഉത്തർപ്രദേശ് സ്വദേശിയും 1989 ബാച്ച് സിക്കിം കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ 59കാരനായ ഗോവിന്ദ് മോഹൻ സുപ്രധാന പദവിയിലേക്ക് വരുന്നത്. ഐ.ഐ.ടി (ബി.എച്ച്.യു) വാരണാസിയിൽ നിന്നുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറായ ഇദ്ദേഹം 2021 ഒക്ടോബർ മുതൽ കേന്ദ്ര സാംസ്കാരിക സെക്രട്ടറിയാണ്. ആഭ്യന്തര മന്ത്രാലയത്തിലും വിവിധ പദവികൾ വഹിച്ചു.
1984 ബാച്ച് അസം-മേഘാലയ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അജയ് കുമാർ ഭല്ല കൂടുതൽ കാലം(2019 ആഗസ്റ്റ്) ആഭ്യന്തര സെക്രട്ടറി പദത്തിൽ ജോലി ചെയ്ത നേട്ടവുമായാണ് വിരമിക്കുന്നത്.