vinesh

പാരീസ് : 100 ഗ്രാം ഭാരം കൂടിപ്പോയി എന്നതിന്റെ പേരിൽ 50 കിലോഗ്രാം വനിതകളുടെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ട് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ നൽകിയ അപ്പീൽ തള്ളി. വിശദമായ കോടതി ഉത്തരവ് പിന്നീട് വരും. വെള്ളിയാഴ്‌ച രാത്രി 9.30ഓടെ വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. വിധിയിൽ വിനേഷിന് അപ്പീൽ നൽകാനാകും. ഒളിമ്പിക്സുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള കായിക തർക്ക പരിഹാര കോടതിയുടെ പ്രത്യേക ബഞ്ചിലാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. ശനിയാഴ്ച വാദം പൂർത്തിയായിരുന്നെങ്കിലും ആർബിട്രേറ്റർക്ക് രേഖകൾ സമർപ്പിക്കാനായി ഞായറാഴ്ച ഇന്ത്യൻ സമയം ഒൻപതര വരെ കോടതി സമയം നീട്ടി നൽകുകയായിരുന്നു. നേരത്തേ ചൊവ്വാഴ്ച വിധിവരുമെന്നായിരുന്നു വിവരമെങ്കിലും പിന്നീട് നീട്ടി.
രണ്ട് അപ്പീലുകളാണ് വിനേഷ് നൽകിയിരുന്നത്. തന്നെ ഫൈനലിൽ മത്സരിപ്പിക്കണമെന്നതായിരുന്നു ആദ്യ അപ്പീൽ. ഇത് ആദ്യംതന്നെ കോടതി തള്ളിയിരുന്നു. ഫൈനലിൽ എത്തിയത് നിയമവിധേയമായിട്ടാണെന്നും അതിനാൽ വെള്ളി മെഡൽ പങ്കിടണമെന്നുമായിരുന്നു രണ്ടാമത്തെ അപ്പീൽ. ഇതിന്മേലാണ് വാദം നടന്നത്.

വിനേഷിന്റെ വാദങ്ങൾ

1. പ്രകടനത്തിൽ മികവ് കാട്ടാൻ വേണ്ടി ഉത്തേജക വസ്തുക്കളോ മറ്റോ ഉപയോഗിച്ചതിന്റെ പേരിലല്ല വിനേഷിനെ വിലക്കിയത്. ശരീര ഭാരത്തിൽ വ്യത്യാസമുണ്ടാകുന്നത് ഒരു പരിധിക്ക് അപ്പുറം മനുഷ്യർക്ക് നിയന്ത്രിക്കുക സാദ്ധ്യമല്ല.
2. ആദ്യ ദിനം ഭാരം പരിശോധിക്കമ്പോൾ വിനേഷ് പരിധിക്ക് ഉള്ളിലായിരുന്നു. അതിനാൽ തന്നെ ആദ്യദിവസത്തെ മൂന്ന് മത്സരങ്ങളിലും നേടിയ വിജയം നിയമപരമായി നിലനിൽക്കും.

3. സെമിയിൽ വിജയിക്കുമ്പോൾ തന്നെ ഒരു താരം ചുരുങ്ങിയത് വെള്ളി മെഡലിന് അർഹയായിക്കഴിയും. ആ സ്ഥിതിക്ക് ഫൈനലിൽ കളിച്ചില്ലെങ്കിലും വിനേഷിന് വെള്ളി നൽകേണ്ടതാണ്.

4. സെമിയിൽ വിനേഷിനോട് തോറ്റ താരത്തെ ഫൈനലിലേക്ക് പ്രവേശിപ്പിക്കുകയും ഫൈനൽ നടക്കുകയും ചെയ്തതിനാൽ വെള്ളിമെഡൽ പങ്കുവയ്ക്കണം.
5. രണ്ടാം ദിനം ഭാരം പരിശോധിക്കമ്പോൾ 100 ഗ്രാം മാത്രമാണ് കൂടുതലുണ്ടായിരുന്നത്. അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പടെ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകൾക്ക് ഇതിൽ കൂടുതൽ ഭാരപരിധി ഇളവ് ചെയ്ത് കൊടുക്കാറുണ്ട്‌