നാം സാധാരണയായി കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ വളരെ ശുദ്ധമാണെന്നാണ് നമ്മുടെ പൊതുവിലുള്ള ധാരണ. ഭക്ഷണത്തിലെ മായം കണ്ടെത്താൻ നിരവധി പുത്തൻ വഴികളും രാജ്യത്ത് നിലവിലുണ്ട്. എന്നിട്ടും അവയിൽ മനുഷ്യന് ദോഷകരമായ വസ്‌തുക്കളുണ്ടെന്ന് കണ്ടെത്തിയാലോ? ആശങ്കയുയർത്തുന്ന ചോദ്യമാണത്. എന്നാൽ ഇത്തരത്തിൽ ഒരു പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.
ഇന്ത്യയിൽ വിൽക്കുന്ന വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാൻഡുകളിലും മൈക്രോപ്ളാസ്‌റ്റിക്കുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് പഠനം. പരിസ്ഥിതി ഗവേഷണ സംഘടനയായ ടോക്‌സിക് ലിങ്കാണ് ഈ വിവരം പുറത്തുവിട്ടത്. പത്തോളം കമ്പനികളുടെ ഉപ്പും അഞ്ചോളം കമ്പനികൾ ഓൺലൈനായും ഓഫ് ലൈനായും വിൽക്കുന്ന പഞ്ചസാരകളും പഠനവിധേയമാക്കി. ഇതിലെല്ലാം ആശങ്കയുയർത്തുന്ന തരക്കിൽ മൈക്രോ പ്ളാസ്‌റ്റിക് കണ്ടെത്തി.
ഭക്ഷണ പാക്കിംഗ്, വസ്‌ത്രം, സൗന്ദര്യവർദ്ധക വസ്‌തുക്കൾ തുടങ്ങി വിവിധ വസ്‌തുക്കളിൽ അടങ്ങിയവയാണ് മൈക്രോ പ്ളാസ്‌റ്റിക്കുകൾ. 0.1 മി.മി മുതൽ 5 മി.മി വരെ വലുപ്പമുള്ള പ്ളാസ്‌റ്റിക്കാണ് തിരിച്ചറിയപ്പെട്ടത്. അയോഡൈസ്‌ഡ് ഉപ്പിലാണ് ഏറ്റവുമധികം മൈക്രോ പ്ളാസ്‌റ്റിക് കണ്ടെത്തിയത്. 89.15 കഷ്‌ണങ്ങളാണ് ഒരു കിലോ ഇത്തരം ഉപ്പിൽ നിന്നും പ്ളാസ്‌റ്റിക് കണ്ടെത്തിയിരിക്കുന്നത്. പഞ്ചസാരയിൽ ഇത് 11.85 മുതൽ 68.25 ആണ്.
മനുഷ്യന്റെ പ്രധാന അവയവങ്ങളായ കരൾ, ഹൃദയം എന്നിവയിൽ മുതൽ മുലപ്പാലിലും ഗർഭസ്ഥ ശിശുവിലും വരെ പ്ളാസ്റ്റിക് അംശം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു ശരാശരി മനുഷ്യൻ 10.98 ഗ്രാം ഉപ്പും 10 സ്‌പൂൺ പഞ്ചസാരയും ഉപയോഗിക്കുന്നതായാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ഈ അളവുകൾ സുരക്ഷിതമായ അളവിന് ഏറെ മുകളിലുമാണ്. ഇതിനൊപ്പമാണ് മൈക്രോ പ്ളാസ്‌റ്റിക്കും ഭീഷണിയാകുന്നത്.