തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്വാമി ഗംഗേശാനന്ദയ്ക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക അതിക്രമം ചെറുക്കാനാണ് പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പെൺകുട്ടിക്കും ആൺസുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിലായിരുന്നു സംഭവം. ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി അദ്ദേഹത്തിന്റെ ജനനേന്ദ്ര്രിയം മുറിച്ചു എന്നായിരുന്നു പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ഇതേതുടർന്നാണ് പൊലീസ് ഗംഗേശാനന്ദക്കെതിരെ കേസെടുത്തത്.
എന്നാൽ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെൺകുട്ടു മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ഗൂഢാലോചന അന്വേഷിക്കാൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഗംഗേശാനന്ദയെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു