കൊച്ചി: സ്ഥിരതയില്ലാതെ കോഴിവിപണി മാറിമറിയുന്നു. രണ്ടുമാസം മുമ്പ് 240, അഞ്ചു ദിവസം മുമ്പ് 80, ഇന്നലെ 120 രൂപ വീതമായി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വൻകിട ഫാമുകാരും ഇടനിലക്കാരും ചേർന്ന് നടത്തുന്ന ഇടപെടലുകളാണ് വില വ്യത്യാസത്തിന് കാരണമെന്ന് കർഷകർ പറയുന്നു. പ്രത്യേക കാരണമില്ലാതെ ആഴ്ചയവസാനങ്ങളിൽ വില കൂട്ടുന്നതായും ആരോപണമുണ്ട്.
രണ്ടു മാസം മുമ്പ് 220-240 രൂപയെന്ന ഉയർന്ന വിലയിൽ എത്തിയിരുന്നു. പിന്നീട് 170 രൂപയിലേക്കു താഴ്ന്നു. ഏതാനും ആഴ്ച 150-170 രൂപയായി നിന്നു. വീണ്ടും 99 ലേക്ക് എത്തുകയായിരുന്നു. ഞായറാഴ്ച 120 രൂപയായി ഉയർന്നു.
സംസ്ഥാനത്ത് ഉത്പാദനം ഉയർന്നതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിച്ചതും വില കുത്തനെ ഇടിയാൻ കാരണമായി.
തിരിച്ചടി
വളർത്തുച്ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നത് കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയാണ്. ഒരുകിലോ കോഴിയുടെ വളർത്തുച്ചെലവ് 70 രൂപയാണ്. മഴക്കാലമായതിനാൽ ഇറച്ചിക്കോഴി ഉത്പാദനം വർദ്ധിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിയതുമാണ് വില കുറയാൻ കാരണം. പൂർണവളർച്ചയെത്തിയ ശേഷം വിൽക്കാനായില്ലെങ്കിൽ കോഴികളിൽ പലതും ചത്തുപോകും. കിട്ടിയ വിലയ്ക്ക് വിറ്റൊഴിയാൻ കർഷകർ നിർബന്ധിതരായി. ഇതാണ് വില ഇടിയാൻ കാരണം.
കാലാവസ്ഥ മാറ്റം
പ്രാദേശിക ഉത്പാദനം കൂടാൻ കാരണം കാലാവസ്ഥ അനുകൂലമായതാണ്. ചൂടുള്ള കാലാവസ്ഥയെക്കാൾ മഴക്കാലത്താണ് ഇറച്ചിക്കോഴി ഉത്പാദനം വർദ്ധിക്കുന്നത്. ട്രോളിംഗ് നിരോധനശേഷവും മീൻ സുലഭമാകാത്തത് ചിക്കൻ വിലയെ സ്വാധീനിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
വില
കഴിഞ്ഞ ആഴ്ച
കർഷകർ വിറ്റത്- 70
ലൈവ് ചിക്കൻ 80-90
കോഴി ഇറച്ചി 135- 140
ഇന്നലെ
കർഷകർ വിൽക്കുന്നത് 90-98
ലൈവ് ചിക്കൻ110-120
കോഴി ഇറച്ചി 160
കോഴി വളർത്തുന്ന ചെലവും വരുമാനവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കർഷകർക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. കോഴിക്ക് തറവില പ്രഖ്യാപിക്കണം
എസ്.കെ. നസീർ
ജനറൽ സെക്രട്ടറി
ഓൾ കേരള പൗൾട്രി ഫെഡറേഷൻ