ഒറ്റാവ: വിദേശികൾക്ക് സ്ഥിര താമസത്തിനായുള്ള (പെർമനന്റ് റെസിഡൻസി, പിആർ) അപേക്ഷ ക്ഷണിച്ച് കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോ. ഒന്റാരിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമാണ് (ഒഐഎൻപി) ഓഗസ്റ്റ് 13ന് അപേക്ഷ ക്ഷണിച്ചത്. വിദേശ തൊഴിൽ പദ്ധതിയിലൂടെയാണ് പിആർ ലഭിക്കുന്നത്.
ഒന്റാരിയോയിൽ സ്ഥിരമായി താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അപേക്ഷിക്കാനുള്ള അവസരമാണ് വിദേശ തൊഴിൽ പദ്ധതി (ഫോറിൻ വർക്കർ സ്ട്രീം) നൽകുന്നത്. പദ്ധതിയുടെ കീഴിൽ യോഗ്യത നേടുന്നതിന് തൊഴിലുടമയിൽ നിന്ന് ഒന്റാരിയോയിൽ തൊഴിൽ ഓഫർ ലഭിച്ചിരിക്കണം.
നാഷണൽ ഒക്യുപേഷണൽ ക്ളാസിഫിക്കേഷന്റെ (എൻഒസി) ടിഇഇആർ (ട്രെയിനിംഗ്, എജ്യുക്കേഷൻ, എക്‌സ്‌പീരിയൻസ്, റെസ്പോൺസിബിലിറ്റീസ്) 0,1,2,3 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലുമായി ബന്ധപ്പെട്ട ജോലി ഓഫറായിരിക്കണം പിആറിനായി ഉണ്ടായിരിക്കേണ്ടത്.
സ്ഥിര താമസത്തിനായി ഒന്റാരിയോ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നതിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പായി ആദ്യം ഒഐൻപിയുടെ താൽപര്യ പ്രകടന സംവിധാനത്തിൽ (എക്‌സ്‌പ്രഷൻ ഒഫ് ഇന്ററസ്റ്റ്) രജിസ്റ്റർ ചെയ്യുകയും അപേക്ഷിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും വേണം.
നാമനിർദ്ദേശം ചെയ്യപ്പെട്ട് കഴിഞ്ഞ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) വഴി ഫെഡറൽ ഗവൺമെന്റിന് അപേക്ഷിക്കുക എന്നതാണ് അടുത്ത ഘട്ടം. പിആറുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് ഐആർസിസി ആണ്.
ഫിസിഷ്യൻമാർ ഉൾപ്പെടെ സ്വയം തൊഴിൽ പ്രൊഫഷണലുകൾക്ക് ഒഐഎൻപിയിൽ അപേക്ഷിക്കാനാവില്ല. കാനഡയിൽ നിന്നുതന്നെ അപേക്ഷിക്കുന്നവരാണെങ്കിൽ സന്ദർശക രേഖ, സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം.