സാമ്പാർ, പരിപ്പുവട, പരിപ്പുകറി തുടങ്ങി നമുക്ക് പ്രിയങ്കരമായ നിരവധി വിഭവങ്ങളുണ്ട്. അതിനാൽത്തന്നെ മിക്ക വീടുകളശിലും പരിപ്പ് എപ്പോഴും സ്‌റ്റോക്ക് ആയിരിക്കും. എന്നാൽ കുറച്ചുനാൾ സൂക്ഷിക്കുമ്പോഴേക്ക് ഇതിൽ പ്രാണികൾ എത്താൻ തുടങ്ങും. പലപ്പോഴും അത് ഉപയോഗ ശൂന്യമായിപ്പോകുകയും, കളയേണ്ടി വരികയും ചെയ്യാറുണ്ട്.
പരിപ്പിൽ മാത്രമല്ല ചെറുപയറിലും ഉഴുന്നിലുമൊക്കെ ഇത്തരം പ്രാണികൾ വരാറുണ്ട്. ഇവയ്‌ക്കൊക്കെ നല്ല വിലയുമാണ്. അതിനാൽത്തന്നെ ഇവ കളയുകയെന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രാണികൾ വരാതെ സൂക്ഷിക്കാം. അതിൽ പ്രധാനപ്പെട്ട കാര്യം പരിപ്പ് വാങ്ങി വന്നയുടൻ തന്നെ കുറച്ച് സമയം വെയിലത്തിടണം. ശേഷം ഒട്ടും വെള്ളത്തിന്റെ അംശമില്ലാത്ത കുപ്പിയിൽ ഇട്ടുവയ്ക്കാം.
ഗ്രാമ്പു ആണ് മറ്റൊരു സൂത്രം. പരിപ്പ് ഇട്ടുവയ്ക്കുന്ന കുപ്പിയിൽ ഒരു പത്ത് ഗ്രാമ്പു ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്താൽ പ്രാണികൾ അടുക്കില്ല. പരിപ്പ് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ കുറച്ച് വെളുത്തുള്ളി ഇട്ടുവച്ചാൽ പ്രാണികളുടെ ശല്യം അകറ്റാം. തൊലി കളഞ്ഞിട്ടുവേണം വെളുത്തുള്ളി ഇ പരിപ്പിലേക്ക് ഇടാൻ. ഇത്തരം പ്രാണികൾക്ക് വെളുത്തുള്ളിയുടെ മണം ഇഷ്ടമില്ല.
പരിപ്പ് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ജലാംശം ഒട്ടുമില്ലാത്ത ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇട്ടുവയ്‌ക്കുക. ഇതുവഴിയും പ്രാണികളെ അകറ്രാം. ആവശ്യത്തിൽ കൂടുതൽ വാങ്ങി സ്റ്രോക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.