ants-

മഴക്കാലത്ത് വീടുകളിൽ ഉറുമ്പു ശല്യം പൊതുവേ കൂടുതലാണ്. ഉറുമ്പുകൾ പൊതുവേ മനുഷ്യന് നേരിട്ട് ഉപദ്രവകാരികളല്ല. എങ്കിലും വീട്ടിൽ ആഹാരാവശിഷ്‌ടങ്ങളോ തുറന്നിരിക്കുന്ന ആഹാരത്തിലോ ഒക്കെ പെട്ടെന്ന് തന്നെ ഇവ വന്ന് പൊതിയും. ഉറുമ്പിന്റെ ശല്യം രൂക്ഷമായാൽ അത് ചിലപ്പോ വീടിന് തന്നെ പണിയായി മാറും. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകുന്ന വഴി എങ്ങനെയെന്ന് പറയേണ്ട കാര്യമില്ലല്ലോ.

വീടുകളിൽ ഉറുമ്പിനെ അകറ്റാൻ ചോക്ക് വരയ്‌ക്കുകയും മണ്ണെണ്ണയും ഉറുമ്പുപൊടി പോലുള്ള കീടനാശിനി തളിക്കുകയും ഒക്കെ ചെയ്യുന്നവരുണ്ട്. ഇതൊന്നുമല്ലാതെ സാധാരണ നാം സ്ഥിരം ഉപയോഗിക്കുന്ന ചില വസ്‌തുക്കൾ കൊണ്ടുതന്നെ ഉറുമ്പിന്റെ ശല്യമകറ്റാൻ കഴിയും.

നാം സാധാരണയായി ഉപയോഗിിക്കുന്ന ഓറഞ്ചിന്റെ തൊലി ഉറുമ്പിന് തീരെ ഇഷ്‌ടമല്ല. ഓറഞ്ചിലെ സിട്രിക് ആസിഡ് ഉറുമ്പുകൾക്ക് അത്ര നല്ലതല്ല. അവ അതിൽ നിന്നും പരമാവധി അകലം പാലിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ ഓറഞ്ച് തൊലി ഉറുമ്പ് ശല്യമുള്ളിടത്ത് വയ്‌ക്കുന്നത് അവയെ വീട്ടിൽ നിന്നും തുരത്തും.

സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായ കറുവപ്പട്ട ഉറുമ്പിനെ തുരത്താനും നല്ലതാണ്. ഉറുമ്പുശല്യം ഉള്ളയിടത്ത് കറുവപ്പട്ട പൊടിച്ചിട്ടുനോക്കൂ. ഇതിന്റെ മണം വന്നാൽ ഉറുമ്പ് ഒഴിഞ്ഞുപോകും. മറ്റൊരു സുഗന്ധദ്രവ്യങ്ങളിൽ പ്രധാനിയായ കുരുമുളക് പൊടിച്ചിട്ടാലും ഉറുമ്പുകൾ പറപറക്കും. കുരുമുളകും വെള്ളവും കലർത്തി സ്‌പ്രേ ചെയ്‌താൽ ഉറുമ്പ് കൂടുവിട്ട് പുറത്തെത്തി സ്ഥലംവിടും.