hair

അകാല നര ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചെറിയ തോതിൽ ആരംഭിച്ച് തല മുഴുവൻ വ്യാപിക്കുമെന്ന ആശങ്കയുണ്ടാക്കുന്ന ഒരു പ്രശ്നമാണിത്.

ഇതിനെ ഒഴിവാക്കാനായി ഡൈ അടക്കമുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ കെമിക്കൽ ഹെയർ ഡൈ ഉപയോഗിച്ച് കേശ സംബന്ധിയായ മറ്റ് പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനേക്കാൾ മറ്റ് മാർഗങ്ങൾ തേടുന്നതായിരിക്കും ഉചിതം. അകാല നരയെ ചെറുത്തു തോൽപ്പിക്കാനായി പ്രയോഗിക്കാവുന്ന ഒരു സുരക്ഷിത മാർഗമാണ് താഴെ ചേർക്കുന്നത്.

ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് മൈലാഞ്ചിയും ഇൻഡിഗോ പൗഡർ അഥവാ നീലയമരി പൊടിയുമാണ്. ആദ്യം മൈലാഞ്ചി പൊടി ആവശ്യത്തിന് കുഴച്ചെടുക്കുകയാണ് വേണ്ടത്. ശേഷം ഒരു ദിവസം മുഴുവൻ മറ്റ് പൊടിപടലങ്ങൾ ഒന്നും വീഴാതെ സൂക്ഷിച്ച് വയ്ക്കണം. അടുത്ത ദിവസം രാവിലെ തന്നെ നരയുള്ള മുടികളിൽ മുഴുവൻ ഈ പേസ്റ്റ് പുരട്ടാവുന്നതാണ്. ശേഷം ഒരു മണിക്കൂർ (കൂടിയത് രണ്ട് മണിക്കൂർ) എങ്കിലും സൂക്ഷിക്കുക. ഇത്രയും സമയം ആവശ്യമായതിനാൽ ഒഴിവുസമയം ഇതിനായി തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ശേഷം കഴുകി കളയുക.

പിറ്റേ ദിവസമാണ് ഇൻഡിഗോ പൗഡർ പ്രയോഗിക്കേണ്ടത്. ഇതിനായി ഇൻഡിഗോ പൗഡർ വെള്ളത്തിൽ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി തലയിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറം തിരികെ ലഭിക്കാനായി ഈ രീതി പിന്തുടരാവുന്നതാണ്.