abu-salim

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള സിനിമയിലെ വില്ലൻമാരുടെ കൂട്ടത്തിൽ മസിൽ മന്നനായ ഒരാളേ ഉണ്ടായിരുന്നുള്ളൂ; പേര് അബു സലിം. ഇത്രയും മസിലുള്ളൊരാൾ നായകന്റെ കൂടെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചവരും ധാരാളം.സിനിമയ‌്ക്ക് വേണ്ടിയല്ല അബുസലിം മസിൽ പെരുക്കിയത്. ബോഡി ബിൽഡിംഗ് എന്നത് അദ്ദേഹത്തിന്റെ പാഷൻ തന്നെയായിരുന്നു.

മിസ്‌റ്റ‌ർ തലശ്ശേരിയിൽ നിന്ന് മിസ്‌റ്റർ ഇന്ത്യയായും തുടർന്ന് അന്താരാഷ്‌ട്ര മത്സരങ്ങളിലും സാന്നിദ്ധ്യമറിയിച്ച ആളാണ് അബു സലിം. 1979ൽ മലബാർ സ്പെഷ്യൽ പൊലീസിൽ ജോലി ലഭിച്ചു. എംപ്ളോയിമെന്റ് എക്‌സ്ചേഞ്ച് വഴിയുള്ള പൊ‌ലീസ് നിയമനത്തിലെ അവസാന ടീം ആയിരുന്നു അബു സലിമിന്റേത്. തുടർന്നായിരുന്നു ബോഡി ബിൽഡിംഗിനെ ഗൗരവകരമായി സമീപിച്ചത്. മത്സരങ്ങളിൽ പങ്കെടുത്തതെല്ലാം പിന്നീടായിരുന്നു.

മരുന്നുകൾ ഉപയോഗിച്ചുള്ള ബോഡി ബിൽഡിംഗ് ഒരുകാലത്തും തനിക്ക് താൽപര്യമില്ലെന്ന് അബു സലിം പറയുന്നു. നാച്വറലായി ബിൽഡ് ചെയ്യുന്നത് മാത്രമേ എക്കാലത്തും നിലനിൽക്കുകയുള്ളൂ. ജിമ്മിൽ പോകുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.

''വർക്കൗട്ടിന് തയ്യാറാകുന്ന സമയത്ത് ആ വർക്കൗട്ടിന് നമ്മുടെ ശരീരം ഫിറ്റാണോ എന്ന് ആദ്യം തിരിച്ചറിയണം. അടുത്തിടെ പലർക്കും വർക്കൗട്ടിനിടെ കാർഡിയാക് അറസ്‌റ്റ് വന്നുവെന്ന് കാണുന്നത്. അത് ജിമ്മിൽ പോയതുകൊണ്ടല്ല. അയാളുടെ ബോഡിയുടെ കണ്ടീഷൻ എതിരായി നിന്ന സമയത്ത് വർക്കൗട്ട് ചെയ്‌തതുകൊണ്ടാണ് അങ്ങനെ പറ്റിയത്. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ചെയ്യാൻ പറ്റില്ല എന്ന് തോന്നികഴിഞ്ഞാൽ ഒരുകാരണവശാലും അതിന് മുതിരരുത്. ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും''.