മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് ഉർവശി. അഭിനയിക്കുമ്പോൾ അവാർഡ് പ്രതീക്ഷിക്കാറില്ല. ഡയറക്‌ടറുടെ വാക്കുകളാണ് ആദ്യത്തെ അവാർഡ്. പ്രേക്ഷകരുടെ വാക്കുകളും ഓരോ പുരസ്‌കാരങ്ങളാണ്. പാർവതിയുടെ പ്രകടനവും മികച്ചതായിരുന്നു. അവർ ഓപ്പോസിറ്റ് ഉണ്ടായിരുന്നതു കൊണ്ടാണ് നന്നായി അഭിനയിക്കാൻ കഴിഞ്ഞതെന്ന് ഉർവശി പ്രതികരിച്ചു.
''ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചാണ് സിനിമ ഷൂട്ട് ചെയ‌്തത്. രാവിലെ മുതൽ വൈകിട്ട് വരെ വെള്ളത്തിലായിരുന്നു നിന്നത്. കാലൊക്കെ കുറേ കറുത്ത് പോയി. കരയത്തില്ലെന്ന് ഞാനാണ് ഡയറക്‌ടറോട് പറഞ്ഞത്. 44 ദിവസമുണ്ട് ഷൂട്ടിഗ്, പൊട്ടിക്കരഞ്ഞുകൊണ്ട് ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ചേച്ചിക്കെന്താണോ തോന്നുന്നത് അങ്ങിനെ ചെയ‌്തോളാൻ പറഞ്ഞു. കരയാതെ കരയുന്നതായിരുന്നു പ്രയാസം. 40 ദിവസം ആയപ്പോഴേക്കും ശാരീരികമായി ക്ഷീണിച്ചു.
ഇപ്പോൾ ചിന്തിക്കുമ്പോൾ, ഇനി ഒരുപ്രാവശ്യം കൂടി അങ്ങനെ ചിന്തിക്കുന്നത് എങ്ങനെയാണെന്ന് ആലോചിക്കാൻ വയ്യ. ക്രിസ്‌റ്റോ ടോമി എനിക്ക് എന്റെ അനിയനെ പോലെയാണ്. ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തോട് ചൂടായിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ പറ്റില്ലെന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്. വെരി സോറി ക്രിസ്‌റ്റോ. ഈ പുരസ്‌കാരം ക്രിസ്‌റ്റോയ്‌ക്ക് കൊടുക്കേണ്ടതാണ്''- ഉർവശി പറഞ്ഞു.
ഉർവശിയുടെ ആറാമത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണിത്. 1989, 1990,1991,1995,2006 എന്നീ വർഷങ്ങളിലാണ് ഇതിന് മുമ്പ് മികച്ച അഭിനേത്രിയായി ഉർവശി തിരഞ്ഞെടുക്കപ്പെട്ടത്. 2006ൽ അച്ചുവിന്റെ അമ്മയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ട് തവണയാണ് ഉർവശിയെ തേടി എത്തിയത്. എട്ട് തവണ ഫിലിം ഫെയർ അവാർഡും ലഭിച്ചു.