കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആശുപത്രിയിൽ വനിതാ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച ജനക്കൂട്ടം ആർ.ജി കാർ മെഡിക്കൽ കോളജ് ആക്രമിച്ച സംഭവത്തിൽ മമത ബാനർജി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണെന്ന് കോടതി വിമർശിച്ചു. അതേസമയം, പ്രതിഷേധിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കണമെന്നും നിർദേശിച്ചു.
പ്രതിഷേധക്കാർ അത്യാഹിത വിഭാഗം പൂർണമായി തകർക്കുകയും പതിനഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 24 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഏഴായിരത്തോളംപേരാണ് കഴിഞ്ഞ ദിവസം ആശുപതിക്ക് മുന്നിൽ പ്രതിഷേധിച്ചത്. അവിടെ എങ്ങനെയാണ് ഡോക്ടർമാർ ധൈര്യത്തോടെ ജോലി ചെയ്യുകയെന്ന് കോടതി ചോദിച്ചു. എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കണം.
ആശുപത്രി ആക്രമിച്ച സാഹചര്യത്തിൽ ഇന്നലെ അടിയന്തരമായി വിഷയം പരിഗണിക്കുകയായിരുന്നു. ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് പൊലീസ് സത്യവാങ്മൂലം സമർപ്പിക്കണം.
രഹസ്യാന്വേഷണവിഭാഗം ഉണ്ടായിട്ടും 7000ത്തോളം പേർ തടിച്ചുകൂടിയത് അറിയാൻ കഴിഞ്ഞില്ലെന്ന വാദം കോടതിതള്ളി. പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് സംസ്ഥാനം അറിയിച്ചു. അപ്പോഴാണ് സർക്കാർ സംവിധാനങ്ങൾ പൂർണ പരാജയമാണെന്ന് കോടതി വിമർശിച്ചത്.
അതിനിടെ, ജീവൻ അപകടത്തിലാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആർ.ജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളുടെ ഉൾപ്പെടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി സഞ്ജയ് റോയിയെ ഇന്നലെ സീൽദായിലെ ബി.ആർ സിംഗ് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.പ്രതിഷേധം കാരണം ഇതു നീണ്ടുപോവുകയായിരുന്നു.
നഷ്ടപരിഹാരം വാങ്ങിയാൽ
മകൾ പൊറുക്കില്ല: പിതാവ്
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. അത് മകളെ അപമാനിക്കുന്നതിനും വേദനിപ്പിക്കുന്നതിനും തുല്യമാണെന്ന്
പിതാവ് പറഞ്ഞു. വേണ്ടത് നീതിയാണ്. സി.ബി.ഐ. അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്.
പിന്തുണച്ചവർക്ക് നന്ദി. കൂടെ നിൽക്കുന്നവരെയെല്ലാം മക്കളായി കാണുന്നു.
ഐ.എം.എ ആവശ്യങ്ങൾ
1.ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ശക്തമായ കേന്ദ്രനിയമം
2. വിമാനത്താവളത്തിന്റേത് പോലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ എല്ലാ ആശുപത്രികളിലും വേണം
3. വിശ്രമിക്കാൻ സുരക്ഷിതമായ ഇടങ്ങൾ. റസിഡന്റ് ഡോക്ടർമാരുടെ ജോലിയും ജീവിത സാഹചര്യങ്ങളും സമഗ്രമായി പരിശോധിക്കണം
4. കൃത്യമായ സമയപരിധിക്കുള്ളിൽ അന്വേഷണവും നീതിയും ഉറപ്പാക്കണം. കുറ്റവാളികളെ കണ്ടെത്തി തക്ക ശിക്ഷ നൽകണം
5. ഇരയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം