കണ്ണൂർ: ഓണം റിബേറ്റ് വിപണനത്തിന്റെ ഭാഗമായി കൈത്തറി ഉത്പന്നങ്ങൾക്ക് പത്ത് മുതൽ 70 ശതമാനം വരെ കിഴിവുമായി ഹാൻവീവ്. ആഗസ്റ്റ് 23 മുതൽ സെപ്തംബർ14 വരെ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് കിഴിവ് ലഭിക്കുമെന്ന് ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ പറഞ്ഞു. നിലവിലെ 40 ഷോറൂമുകൾക്ക് പുറമെ മൂന്നു റീജിയനുകളിലായി പത്ത് എക്സിബിഷനുകളും വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിപണനമേളകളും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. ഹാൻവീവ് ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണിയും സജ്ജീകരിച്ചിട്ടുണ്ട്.
കൈത്തറി മുണ്ട്, സാരി, സെറ്റ്മുണ്ട്, ബെഡ്ഷീറ്റ്,ടവലുകൾ, ചുരിദാർ മെറ്റീരിയലുകൾ എന്നിവയാണ് മുൻനിര ഉത്പന്നങ്ങൾ. കേരള ദിനേശുമായി സംയോജിച്ച് റെഡിമെയ്ഡ് ഷർട്ടുകളും ഒരുക്കിയിട്ടുണ്ട്.വയനാട് ദുരന്ത ഭൂമിയിലേക്ക് നാല് ലക്ഷം രൂപയുടെ വിവിധ ഉത്പ്പന്നങ്ങളും ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സഹായമായി നൽകും.
വാർത്താ സമ്മേളനത്തിൽ ഹാൻഡ് വീവ് മാനേജിംഗ് ഡയറക്ടർ അരുണാചലം സുകുമാർ,കമ്പനി സെക്രട്ടറി അരുൺ അഗസ്റ്റിൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ മാത്യു, മാർക്കറ്റിംഗ് മാനേജർ ഒ.കെസുദീപ്,പ്രൊഡക്ഷൻ മാനേജർ ഇൻ ചാർജ് വി.ഷാജി,കണ്ണൂർ മാനേജർ ഇൻ ചാർജ് സി.കെ. സലിം എന്നിവരും പങ്കെടുത്തു.