തിരുവനന്തപുരം: പാഠ്യപദ്ധതികൾ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ ഉതകുന്നവയാകണമെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സാങ്കേതിക സർവകലാശാല ഈ വർഷം മുതൽ ആരംഭിക്കുന്ന എം ടെക് കോഴ്സുകളുടെ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി അക്കാദമിക് കമ്മിറ്റി അംഗങ്ങൾക്കായി നടത്തുന്ന രണ്ട് ദിവസത്തെ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾ, ഗവേഷണം, വ്യവസായ ബന്ധിത പദ്ധതികൾ എന്നിവയിൽ അവഗാഹം സൃഷ്ടിക്കാൻ സഹായിക്കുന്ന എം ടെക് പാഠ്യപദ്ധതിക്ക് സർവകലാശാല രൂപം നൽകണമെന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ഈ വർഷം മുതൽ സ്വന്തമായ പഠന സ്‌കൂളുകൾ ആരംഭിക്കുന്ന സർവകലാശാല നാല് പഠന വകുപ്പുകളിലാണ് എം ടെക് കോഴ്സുകൾ ലഭ്യമാക്കുന്നത്. വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജീസ്, ഇൻഫ്രാസ്റ്റ്ക്ച്ചർ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ ഉപരിപഠനം സാധ്യമാകുന്നത്.
വ്യാവസായിക-അക്കാദമിക സഖ്യത്തിലൂന്നിയുള്ള പാഠ്യപദ്ധതി, ഗവേഷണാനന്തര ഉൽപ്പന്നങ്ങളെ വാണിജ്യവൽക്കരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക, പ്രോജക്റ്റ് അധിഷ്‌ഠിത പഠനം, പ്രശസ്ത ലാബുകളിലും കമ്പനികളിലും ഇന്റേൺഷിപ്പുകൾ എന്നിവയാണ് ഈ എം ടെക് കോഴ്സുകളുടെ പ്രത്യേകതകൾ.
ഐ ഐ ടി, എൻ ഐ ടി, നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള അക്കാദമിക വിദഗ്ധരും വ്യവസായ വിദഗ്ദരുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ശില്പശാല ഇന്ന് (17-08-2024) അവസാനിക്കും.
ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം ഡോ. ജി വേണുഗോപാൽ, സിൻഡിക്കേറ്റ് അംഗം വിനോദ്‌കുമാർ ജേക്കബ്, രജിസ്ട്രാർ ഡോ. എ പ്രവീൺ, ഡീൻ അക്കാദമിക് ഡോ. വിനു തോമസ്, ജോയിന്റ് ഡയറക്ടർ ഡോ. ബോബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.