mammootty

തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ ഒരു സിനിമയും എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്ന് സൗത്ത് ജൂറി അംഗം എം ബി പത്മകുമാർ. കേന്ദ്ര സ‌ർക്കാർ മനഃപൂർവം മമ്മൂട്ടിക്ക് അവാർഡ് നൽകിയില്ലെന്ന തരത്തിൽ പല പ്രചരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ അവ തെറ്റാണെന്നും പത്മകുമാ‌ർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഒരുവിധത്തിലുള്ള രാഷ്ട്രീയ ഇടപെടലും നടന്നിട്ടില്ല. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ ചലച്ചിത്ര അവാർഡിനായി അയച്ചിട്ടില്ല. മമ്മൂട്ടിക്ക് അവാർഡ് നൽകിയില്ലെന്ന് പറഞ്ഞ് പലരും അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. 'നൻപകൽ നേരത്ത് മയക്കം' പോലുള്ള സിനിമകൾ ദേശീയ അവാർഡിനായി അപേക്ഷിക്കണമായിരുന്നു. നാഷണൽ അവാർഡ് മമ്മൂട്ടിക്ക് ബിജെപി കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ അവാർഡിനായി അപേക്ഷിക്കാത്തതിൽ എനിക്ക് വിഷമം ഉണ്ട്. 'നൻപകൽ നേരത്ത് മയക്കം' പോലുള്ള സിനിമ ദേശീയ അവാർഡിന് അയക്കാത്തത് മോശമായി പോയി. വലിയ ഒരു അവസരമാണ് അതിലൂടെ മലയാളത്തിന് നഷ്ടമായത്', - പത്മകുമാ‌ർ വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര അവാർഡിൽ മ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടനാകാനുള്ള മത്സരത്തിന്റെ അവസാനഘട്ടത്തിലാണെന്ന തരത്തിൽ പല വാർത്തകളും വന്നിരുന്നു. അതിനെ എല്ലാം തള്ളുന്നതാണ് പത്മകുമാറിന്റെ ഈ വെളിപ്പെടുത്തൽ. മമ്മൂട്ടി അവാർഡ് നൽകിയില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നിരുന്നു.