ബംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കവെ നിർണായക കണ്ടെത്തൽ. ഇന്ന് തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാൽപേയുടെ സംഘമാണ് കയർ കണ്ടെത്തിയത്. കണ്ടെത്തിയ വണ്ടിയുടെ ബോഡിപാർട്ട് അർജുന്റെ ലോറിയുടേതല്ല. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു. കയറടക്കം കണ്ടെത്തിയതിനാൽ അർജുന്റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വ്യക്തമാക്കി. കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനി തെരച്ചിൽ.
കഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം നിൽക്കുന്നത്.
ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 13ന് ആണ് ഈശ്വർ മാൽപേ പുഴയിലിറങ്ങി പരിശോധന വീണ്ടും തുടങ്ങിയത്. ഇതിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഒരു ഇരുമ്പ് കഷണവും ലഭിച്ചിരുന്നു. ജാക്കി മനാഫ് തിരിച്ചറിഞ്ഞു.