ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തിയതോടെയാണ് യൂനുസ് മോദിയെ വിളിച്ച് സ്ഥിതിഗതികൾ വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്തു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവുമായ ബംഗ്ലാദേശിന്റെ വളർച്ചയ്ക്ക് ഇന്ത്യ പിന്തുണ നൽകുമെന്ന് മോദി വ്യക്തമാക്കി. ഈ മാസം 5ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ഹൈന്ദവ സമൂഹത്തിനെതിരെ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമങ്ങളെ അപലപിച്ച യൂനുസ് ന്യൂനപക്ഷങ്ങൾക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അംബാസഡർമാരെ തിരിച്ചുവിളിച്ചു
യു.എസ്, റഷ്യ, ജപ്പാൻ, ജർമ്മനി, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ അംബാസഡർമാരെയും മാലദ്വീപിലെ ഹൈക്കമ്മിഷണറെയും തിരിച്ചുവിളിച്ച് യൂനുസ് സർക്കാർ. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിലെ ചില ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു. ഹസീന സർക്കാരിന്റെ കാലത്തെ സർക്കാർ നിയമനങ്ങളിലെ പുനപരിശോധനയുടെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഹസീന അടക്കം പത്ത് പേർക്കെതിരെയുള്ള വംശഹത്യ ആരോപണത്തിൽ ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നിരവധി പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിന്റെ പേരിലാണ് നടപടി.