തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നടിഞ്ഞ വയനാടിന്റെ പുനരുജ്ജീവനത്തിനായി ആയിരം കോടി രൂപയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. സാലറി ചലഞ്ച് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഒരാളും ഇതിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചുരുങ്ങിയത് അഞ്ചുദിവസത്തെ വേതനമാണ് ജീവനക്കാർ നൽകേണ്ടത്. തുക ഈടാക്കുന്നതിനായിഒരു സമ്മതപത്രം ജീവനക്കാരിൽ നിന്നും ബന്ധപ്പെട്ട ഡിഡിഒമാർ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം. ശമ്പളത്തുക കണക്കാക്കുന്നത് ഈ വർഷം ആഗസ്റ്റ് മാസത്തെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.
അഞ്ചു ദിവസത്തെ ശമ്പളം മൂന്നു ഗഡുക്കളായി നൽകാവുന്നതാണ് . അഞ്ചു ദിവസത്തിൽ കൂടുതൽ വേതനം സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തിൽ പത്ത് ഗഡുക്കൾ വരെ അനുവദിക്കുന്നതാണ്.
സാലറി ചലഞ്ച് സംബന്ധിച്ച് സർവീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ത്ത് ദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തിച്ചു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്.