arjun

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ താൽക്കാലികമായി നിർത്തി വച്ചു. ഇനി ഡ്രെഡ്‌ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രമേ തെരച്ചിൽ നടത്താനാവുകയുള്ളു. ഇത് എത്താൻ വെെകുമെന്നുറപ്പായതിനാൽ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇനിയും നീളും. ഒരാഴ്ച കഴിഞ്ഞേ ഡ്രെഡ്ജർ എത്തിക്കാനാവൂവെന്നാണ് കമ്പനി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ഇന്ന് തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാൽപേയുടെ സംഘമാണ് കയർ കണ്ടെത്തിയത്. കണ്ടെത്തിയ വണ്ടിയുടെ ബോഡിപാർട്ട് അർജുന്റെ ലോറിയുടേതല്ല. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു. കയറടക്കം കണ്ടെത്തിയതിനാൽ അർജുന്റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വ്യക്തമാക്കി. കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരുന്നു ഇന്നത്തെ തെരച്ചിൽ.

കഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം നിൽക്കുന്നത്.