yunu

ജക്കാർത്ത: ഇൻഡോനേഷ്യയിൽ 74കാരി പെരുമ്പാമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച സൗത്ത് സുലവേസി പ്രവിശ്യയിലെ പലോപോയിലായിരുന്നു സംഭവം. സ്ത്രീയെ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നതാണെന്ന് കരുതുന്നു. തലയിലും കാലിലും കടിയേറ്റ മുറിവുകളുണ്ട്. പാടത്ത് ജോലിക്കായി പോയ സ്ത്രീ വൈകിട്ട് വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏതാനും മീറ്ററുകൾ അകലെ 13 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പിനെയും കണ്ടെത്തി. സ്ത്രീയെ പെരുമ്പാമ്പ് ഭാഗികമായി വിഴുങ്ങിയെങ്കിലും പുറന്തള്ളുകയായിരുന്നെന്ന് ഗ്രാമീണർ പറഞ്ഞു. പെരുമ്പാമ്പിനെ ഗ്രാമീണർ കൊന്നു. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പെരുമ്പാമ്പിന്റെ ആക്രമണത്തിൽ സൗത്ത് സുലവേസിയിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. ജൂണിലും ജൂലായിലും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ പെരുമ്പാമ്പിന്റെയുള്ളിൽ കണ്ടെത്തിയിരുന്നു.

റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പാണ് ആക്രമണങ്ങൾക്ക് പിന്നിൽ. സൗത്ത് ഈസ്റ്റ് സുലവേസി (2023), ജാംബി (2022), മുനാ ദ്വീപ് (2018), വെസ്റ്റ് സുലവേസി (2017) എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ.