ന്യൂഡൽഹി: സബർമതി എക്‌സ്‌പ്രസിന്റെ ഇരുപതോളം കോച്ചുകൾ പാളം തെറ്റി. ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ആളപായവും പരിക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു.
ട്രെയിനിന്റെ മുൻഭാഗം പാറകളിൽ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. ട്രെയിൽ മൂർച്ചയുള്ള വസ്തു തട്ടിയതായുള്ള അടയാളമുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അപകടത്തെക്കുറിച്ച് പ്രതികരിച്ചു.
'ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഒരു വസ്തുവിൽ സബർമതി എക്‌സ്‌പ്രസിന്റെ (വാരണാസിയിൽ നിന്ന് അംദവാദ്) എഞ്ചിൻ ഇടിക്കുകയും കാൺപൂരിന് സമീപം ഇന്ന് പുലർച്ചെ 02:35 ന് പാളം തെറ്റുകയും ചെയ്തു. കുത്തനെ ഇടിച്ചതിന്റെ അടയാളങ്ങൾ നിരീക്ഷിക്കുകയാണ്. തെളിവുകൾ സംരക്ഷിക്കും. ഐബിയും യുപി പൊലീസും അന്വേഷണം ആരംഭിച്ചു. അപകടത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കില്ല. യാത്രക്കാർക്ക് അംദവാദിലേക്കുള്ള യാത്രയ്ക്കായി മറ്റൊരു ട്രെയിൻ ക്രമീകരിച്ചിട്ടുണ്ട്'- മന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.
യാത്രക്കാരെ കാൺപൂരിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി എട്ട് കോച്ചുകളുള്ള മെമു ട്രെയിൻ കാൺപൂരിൽ നിന്ന് അപകടസ്ഥലത്തേക്ക് പുറപ്പെട്ടതായി ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ശശി കാന്ത് ത്രിപാഠി പറഞ്ഞു. കൂടാതെ സർക്കാർ ബസുകളും അപകടസ്ഥലത്തെത്തി യാത്രക്കാരെ അതാത് സ്ഥാനങ്ങളിൽ എത്തിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറപ്പെടുവിച്ചു.