ഒറ്റാവ: ഇമിഗ്രേഷൻ നടപടികളിൽ പുതിയ മാറ്റങ്ങളുമായി കാനഡ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ വിദേശ പൗരന്മാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് 2023-25 വർഷത്തേക്കായി വിവിധ ഇമിഗ്രേഷൻ പദ്ധതികളാണ് കാനഡ അവതരിപ്പിക്കുന്നത്. 2025ഓടെ അഞ്ചര ലക്ഷത്തിലധികം സ്ഥിര താമസക്കാരെ എത്തിക്കാനാണ് നീക്കം.
സ്റ്റഡി പെർമിറ്റിൽ നിയന്ത്രണം
സ്റ്റഡി പെർമിറ്റ് ചൂഷണം ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ജൂലായിൽ കനേഡിയൻ സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പടുത്തിയിരുന്നു. സ്റ്റഡി പെർമിറ്റുകളുടെ പ്രൊസസിംഗ് അവസാനിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുമ്പോഴെല്ലാം പുതിയ സ്റ്റഡി പെർമിറ്റിനായി അപേക്ഷിക്കണം. കൂടാതെ പുതിയ പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പുതന്നെ പെർമിറ്റ് നേടുകയും വേണം.
ഇസ്രയേൽ പൗരന്മാർക്ക് തൊഴിൽ വിസ നീട്ടുന്നു
ഇസ്രയേൽ- ഹമാസ് യുദ്ധ സാഹചര്യത്തിൽ ഇസ്രയേലി പൗരന്മാരുടെ തൊഴിൽ വിസ 2025 ജൂലായ് 31വരെ നീട്ടുന്നതായി കനേഡിയൻ സർക്കാർ കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു.
പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്
കനേഡിയൻ അതിർത്തികളിൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾക്കായി വിദേശ പൗരന്മാർക്ക് ഇനിമുതൽ അപേക്ഷിക്കാനാവില്ലെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫ്ളാഗ്‌പോളിംഗ് തടയുന്നതിനാണിതെന്ന് മില്ലർ ചൂണ്ടിക്കാട്ടുന്നു. വിസയ്ക്കായി അപേക്ഷിക്കുന്നതിനായി കനേഡിയൻ അതിർത്തി (പോർട്ട് ഒഫ് എൻട്രി) മുഖാന്തരം രാജ്യത്തുനിന്ന് പുറത്തുകടക്കുകയും തിരികെ രാജ്യത്തെത്തുകയും ചെയ്യുന്നതിനായാണ് ഫ്ളാഗ്‌പോളിംഗ് എന്ന് പറയുന്നത്.
വർക്ക് പെർമിറ്റിനും സ്റ്റഡി പെർമിറ്റിനും ആവശ്യമായ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കുന്നതിനായി കാനഡയിലെ താത്‌കാലിക താമസക്കാർ രാജ്യം വിടുകയും 24 മണിക്കൂറിനകം തിരികെ പ്രവേശിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അതിർത്തിയിൽ ഒരേദിവസംതന്നെ ഇമിഗ്രേഷൻ സേവനങ്ങൾ ലഭ്യമാകുന്നു.
വിദേശ കെയർടേക്കർമാർക്ക് അടിയന്തര പിആർ
യോഗ്യരായ കെയർഗീവർമാർക്ക് കാനഡയിലെത്തിയാലുടൻ പെർമനന്റ് റെസിഡൻസി നൽകുന്ന പുതിയ രണ്ട് പൈലറ്റ് പദ്ധതികൾ ആരംഭിച്ചതായും ഇമിഗ്രേഷൻ മന്ത്രി അറിയിച്ചു. കെയർഗീവർമാർക്ക് കാനഡിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി.
മാതാപിതാക്കൾക്ക് സൂപ്പർ വിസ
വിദേശികളുടെ മാതാപിതാക്കളെയും മുത്തശ്ശി- മുത്തശ്ശൻമാരെയും കാനഡയിലെത്തിക്കുന്നതിനായി അവതരിപ്പിച്ച സൂപ്പർ വിസ പദ്ധതിയിൽ അപേക്ഷിച്ചവരിൽ ഇതുവരെ 35,700 പേർക്ക് ക്ഷണം അയച്ചെന്ന് അധികൃതർ അറിയിച്ചു. 2020 മുതൽ അപേക്ഷിച്ചവർക്കാണ് വിസ അയക്കുന്നത്. മേയ് 21നാണ് ഇതിന്റെ വിതരണം ആരംഭിച്ചത്. കനേഡിയൻ പൗരന്മാർക്കും പിആർ ലഭിച്ചവർക്കും അവരുടെ മാതാപിതാക്കൾക്കും മുത്തശ്ശി-മുത്തശ്ശൻമാർക്കും സ്ഥിര താമസത്തിനുള്ള അവസരം ഒരുക്കുന്ന പദ്ധതിയാണിത്.
സ്റ്റാർട്ടപ്പ് ആന്റ് സെൽഫ് എംപ്ളോയ്‌ഡ് വിസ
പുതിയ സംരംഭകർക്ക് കാനഡയിലേക്ക് വരുന്നത് എളുപ്പമാക്കുന്ന സ്റ്റാർട്ട്- അപ്പ് വിസ പ്രോഗ്രാം നടപടിക്രമങ്ങൾ കഴിഞ്ഞ ഏപ്രിൽ മുതൽ കൂടുതൽ സുഗമമാക്കിയിരുന്നു. പ്രോസസിംഗ് സമയം കുറയ്ക്കുകയും അപേക്ഷ പൂർത്തിയാക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുകയും ചെയ്യുമെന്നാണ് ഇമിഗ്രേഷൻ വകുപ്പ് അറിയിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ തൊഴിൽ
തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും വിദേശ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുമായി കാനഡ നിരവധി പുതിയ നടപടികൾ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ തൊഴിൽ ഇതിൽ ഉൾപ്പെടുന്നു.