തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. പവന് 840 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 53,360 രൂപയായി ഉയർന്നു. ഗ്രാമിന് 6,670 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇരുപത്തിനാല് കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7,163 രൂപയും 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 5,373 രൂപയുമാണ്. ചിങ്ങം പിറന്നതോടെ സംസ്ഥാനത്ത് വിവാഹ സീസണുമായിരിക്കുകയാണ്. സ്വർണ വില കൂടിയത് അവരെ വലിയ രീതിയിൽ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
രാജ്യത്ത് 10 ഗ്രാം സ്വർണത്തിന് 70,000 രൂപയുടെ അടുത്തെത്തി. ഡൽഹിയിൽ ഇരുപത്തിരണ്ട് കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് ഇന്ന് 65,810 രൂപയാണ്. മുംബയിൽ 65,660ഉം അഹമ്മദാബാദിൽ 65,710ഉം ചെന്നൈയിൽ 65,660 രൂപയുമാണ് ഇന്നത്തെ വില.
ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ വില തുടർച്ചയായി കുത്തനെ ഉയരുകയാണ്. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്.
ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷം നിയന്ത്രണാധീനമായാൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങും. ബഡ്ജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ ഒരവസരത്തിൽ സ്വർണവില 50,400 രൂപ വരെ താഴ്ന്നിരുന്നു. എന്നാൽ ഇതിനു ശേഷം വില കുത്തനെ ഉയരുന്ന സ്ഥിതിയാണുണ്ടായത്.