തിരുവനന്തപുരം : ജീവിതശൈലി രോഗങ്ങൾ ക്ഷണിച്ചുവരുത്തും വിധം കേരളത്തിൽ പൊണ്ണത്തടിക്കാർ പെരുകുന്നു. സ്ത്രീകളാണ് മുന്നിൽ. പൊണ്ണത്തടിയന്മാർ അഞ്ചുവർഷത്തിനിടെ ഇരട്ടിയായി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കാണിത്.
പൊണ്ണത്തടിയുള്ള സ്ത്രീകൾ (ബി.എം.ഐ മുപ്പതോ കൂടുതലോ) 2015 - 16ൽ 6.4% ആയിരുന്നത് 2019-21ൽ 9.8% ആയി ഉയർന്നു. ഇക്കാലയളവിൽ പുരുഷൻമാർ 3.8ശതമാനത്തിൽ നിന്ന് 6.7ശതമാനമായി - ഇരട്ടിയായി. രാജ്യത്ത് പൊണ്ണത്തടിയന്മാരുടെ എണ്ണത്തിൽ കേരളം എട്ടാം സ്ഥാനത്താണ്. സ്ത്രീകളുടെ കണക്കിൽ ഒമ്പതാം സ്ഥാനത്തും. പൊണ്ണത്തടിക്കാരിൽ തമിഴ്നാട് മുന്നിലും കർണാടക പിന്നിലുമാണ്. തമിഴ്നാട്ടിൽ 2015 - 16ൽ 3.9ശതമാനമായിരുന്ന പുരുഷൻമാർ 201-21ൽ 8.7ശതമാനമായി. സ്ത്രീകൾ 8.3ശതമാനത്തിൽ നിന്ന് 14.1ശതമാനമായി കുതിച്ചു.
കർണാടകയിൽ പുരുഷൻമാർ 4.6ൽ നിന്ന് 5.8 ആയും സ്ത്രീകൾ 6.5ൽ നിന്ന് 8.5 ആയും ഉയർന്നു. ആൻഡമാൻ നിക്കോബാർ പുരുഷ വിഭാഗത്തിൽ 10.8ശതമാനമായി ഒന്നാമതെത്തി. 9.2ശതമാനമുള്ള പുതുച്ചേരിയാണ് തൊട്ടുപിന്നിൽ. സ്ത്രീകളുടെ വിഭാഗത്തിൽ പുതുച്ചേരി 18.2ശതമാനായി ഒന്നാമതും 16.3ശതമാനമുള്ള ചണ്ഡീഗഢ് രണ്ടാമതുമാണ്.
ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ ശ്രമം നടക്കുമ്പോൾ പൊണ്ണത്തടി കൂടുന്നതിൽ ആശങ്കയുണ്ട്.
-ഡോ. ഡോ.അൽത്താഫ് എ
പ്രൊഫസർ,കമ്മ്യൂണിറ്റി മെഡിസിൻ
ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം
പരിഹാരം അരികെ !
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുള്ള സമീകൃതാഹാരം അമിതവണ്ണം തടയും. ജങ്ക് ഫുഡും, സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണവും പതിവായി കഴിക്കരുത്. പതിവായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്തും. മതിയായ ഉറക്കവും അമിതവണ്ണം തടയും. മാനസിക സമ്മർദ്ദവും നിയന്ത്രിക്കണം ധ്യാനം, യോഗ, ശ്വസന വ്യായാമം ശീലമാക്കണം.
ദോഷങ്ങൾ
പ്രമേഹം
രക്താതിമർദം
ഉയർന്ന കൊളസ്‌ട്രോൾ
ഹൃദ്രോഗങ്ങൾ
ചില അർബുദങ്ങൾ