arun-pushpangadan

അടുത്തിടെ ഇൻസ്‌റ്റഗ്രാമിൽ റീൽസുകൾ ഓടിച്ചു നോക്കികൊണ്ടിരുന്നപ്പോഴാണ് ഒരു വിവാഹക്ഷണക്കത്ത് കണ്ണിലുടക്കിയത്. പരിയചക്കാരുടേതല്ലായിരുന്നിട്ടും അത് ശ്രദ്ധിക്കാൻ കാരണമുണ്ടായിരുന്നു. മലയാളത്തിലുള്ള ആ ക്ഷണക്കത്തിന്റെ ലിപിയുടെ സൗന്ദര്യം തന്നെയായിരുന്നു കാരണം. ഇതിപ്പോൾ കേരളത്തിലെ ഏതു പ്രിന്റിംഗ് പ്രസ്സിലെ ലിപിയാണെന്ന് അറിയണമല്ലോ എന്ന് കരുതി പരതിയപ്പോഴാണ് സംഗതി ഞെട്ടിച്ചുകളഞ്ഞത്. മെഷീനിന്റയല്ല കായംകുളംകാരൻ അരുണിന്റേതായിരുന്നു ഈ കരവിരുത്. ആശാന്റെ ഇൻസ്‌റ്റാഗ്രാം പേജിൽ കയറി നോക്കിയപ്പോൾ വീണ്ടും ഞെട്ടി. മലയാളത്തിലേയും ഇംഗ്ളീഷിലേയും അക്ഷരങ്ങളെ കൈപ്പടയിൽ മുത്തുകളാക്കി എഴുതിവച്ചിരിക്കുന്നു.

''നിന്റെ കൈയക്ഷരം നല്ലതാടാ അതുകൊണ്ട് നിനക്ക് ഫോർലൈൻ ബുക്കൊന്നും വേണ്ട'', എന്ന ക്ളാസ് ടീച്ചറിന്റെ വാക്കുകളായിരുന്നു അരുൺ പുഷ്‌പാംഗദന് കിട്ടിയ ആദ്യ അനുമോദനം. വീട്ടിൽ അച്ഛനും അമ്മയ‌്ക്കുമെല്ലാം നല്ല കൈയക്ഷരമാണ്. എന്നാലും അമ്മാവനും ചിത്രകലാ അദ്ധ്യാപകനുമായ സ്വാമിദാസിന്റെ സ്വാധീനം അടിത്തറ പാകി. സിവിൽ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഖത്തറിൽ ജോലി ചെയ്യുന്ന സമയത്ത് ചില റീൽസുകൾ കണ്ടതാണ് ജീവിതം മാറ്റി ചിന്തിക്കാൻ അരുണിനെ പ്രേരിപ്പിച്ചത്. ഹിന്ദിക്കാരായ ചില ക്രിയേറ്റേഴ്‌സിന്റെ കൈയക്ഷരവീഡിയോകളായിരുന്നു അത്. തനിക്കും എന്തുകൊണ്ട് ഇങ്ങനെ ചെയ‌്തുകൂടാ എന്ന് ചിന്തിച്ച അരുൺ ചില വീഡിയോകൾ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ‌്തു. അവയ‌്ക്ക് ലഭിച്ച പിന്തുണയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്താൻ കാരണമായത്.

New Handwritten Invitation❤️

Posted by Arun Pushpangadan on Thursday 15 August 2024

ആശംസകൾ പേപ്പറിൽ എഴുതുന്നത് ട്രൈപോഡിൽ സ്ഥാപിച്ചിട്ടുള്ള ഫോൺ വഴിയാണ് ഷൂട്ട് ചെയ്യുക. പിന്നീട് പശ്ചാത്തല സംഗീതമൊക്കെ നൽകി ചെറിയ വീഡിയോകളാക്കി മാറ്റും. നാട്ടിലെത്തിയതോടെ വലിയ പിന്തുണ ലഭിച്ചു. ജന്മദിനം, വിവാഹം, പാലുകാച്ചൽ, പ്രണയസന്ദേശം തുടങ്ങി വിവിധ തരത്തിലുള്ള ആശംസകൾ കൈപ്പടയിൽ വേണമെന്ന ആവശ്യവുമായി ധാരാളം പേർ അരുണിനെ വിളിക്കാൻ തുടങ്ങി. ആദ്യകാലത്ത് സാംസഗിന്റെ ഫോണിലായിരുന്നു ഷൂട്ട് ചെയ‌്‌തിരുന്നത് പിന്നീട് വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്താൻ ഐഫോൺ ഉപയോഗിച്ചു തുടങ്ങി. എഡിറ്റിംഗും ഐഫോണിൽ തന്നെയാണ് ചെയ്യുന്നത്.

View this post on Instagram

A post shared by 𝐀𝐫𝐮𝐧 𝐏𝐮𝐬𝐡𝐩𝐚𝐧𝐠𝐚𝐝𝐚𝐧 (@arun.pushpangadan)


ഒരു വർക്ക് പൂർത്തിയാകുന്നതിന് മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം വേണ്ടിവരും. ഒരുദിവസം പരമാവധി മൂന്ന് കാർഡുകൾ തയ്യാറാക്കാം. ഇൻസ്‌റ്റഗ്രാമിൽ 2.75 ലക്ഷം പേരാണ് അരുണിനെ പിന്തുടരുന്നത്. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം പേർക്കാണ് അരുൺ ആശംസകാർഡ് എഴുതി നൽകിയത്. 1000 മുതലാണ് നിരക്ക് വരിക.

View this post on Instagram

A post shared by sRuThi KrIsHna (@dr_sruthi_krishna)


ഹാൻഡ് റിട്ടൺ ഇൻവിറ്റേഷൻ മാത്രമല്ല പെൻസിൽ ഡ്രോയിംഗ്, ഡിജിറ്റൽ ഫോട്ടോ മെർജിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയും അരുൺ ചെയ്യുന്നുണ്ട്. കൂടാതെ കാലിഗ്രഫിയിൽ കൂടുതൽ ഗവേഷണം ചെയ്യാനുള്ല തയ്യാറെടുപ്പിൽ കൂടിയാണ് ഈ ചെറുപ്പക്കാരൻ. ഒരു എ‌ഞ്ചിനീയറിംഗ് ബിരുദധാരി വിദേശത്തെ നല്ല ജോലിയൊക്കെ ഉപേക്ഷിച്ച് ക്ഷണക്കത്ത് എഴുതി കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് പലരും അരുണിനോട് ചോദിക്കാറുണ്ട്. അതിനൊക്കെ ചിരിച്ചുകൊണ്ട് അരുൺ നൽകുന്ന മറുപടിയുണ്ട്, ''നമുക്ക് ഇഷ്‌ടമുള്ളത് ചെയ്യാൻ കഴിയുന്നത് വലിയ ഭാഗ്യമല്ലേ? ആ ഭാഗ്യം ഇപ്പോൾ എനിക്കുണ്ട്''.

View this post on Instagram

A post shared by 𝐀𝐫𝐮𝐧 𝐏𝐮𝐬𝐡𝐩𝐚𝐧𝐠𝐚𝐝𝐚𝐧 (@arun.pushpangadan)