തിരുവനന്തപുരം ജില്ലയിലെ ശാർക്കര ക്ഷേത്രത്തിന് അടുത്തുള്ള ചെക്കാല വിളാകാം എന്ന സ്ഥലത്തേക്കാണ് ഇത്തവണ വാവാ സുരേഷിന്റെയും സംഘത്തിന്റെയും യാത്ര. വീടിന്റെ ഇടവഴിയിൽ ഒരു വലിയ അണലിയെ കണ്ടുവെന്ന് വീട്ടുകാർ വാവയെ വിളിച്ചറിയിക്കുകയായിരുന്നു.

വഴിയിൽ മതിലിനോട് ചേർന്ന് കുറച്ച് ടൈലുകൾ അടുക്കിവച്ചിരുന്നു. ഇതിന് ഇടയിലേക്കാണ് അണലി കയറിയതെന്നാണ് വീട്ടുകാർ പറഞ്ഞത്. വഴിക്ക് ഇരുവശവും മതിൽക്കെട്ടിയടച്ചിട്ടുണ്ട്. രണ്ട് വശങ്ങളിലും ആൾതാമസമില്ലാത്ത വീടുകളും പറമ്പുമാണുള്ളത്. ആദ്യംതന്നെ ടൈലുകൾ മാറ്റുകയാണ് വാവ ചെയ്തത്.

vava-suresh

ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് വാവ അതിഥിയെ കണ്ടെത്തിയത്. ആരോഗ്യം തീരെ കുറഞ്ഞ, വാലിന് ക്ഷതം പറ്റിയ നിലയിൽ ആൺ അണലിയെയാണ് വഴിയിൽ നിന്ന് കണ്ടെത്തിയത്. നല്ല മെലിഞ്ഞ ശരീരമുള്ള പാമ്പായിരുന്നു അത്. വയറ്റിൽ ഭക്ഷണവുമുണ്ട്. ഈ സാഹചര്യത്തിൽ അണലിയുടെ കടി കിട്ടിയാൽ വളരെ അപകടമാണെന്ന് വാവ പറയുന്നു.

പെൺ അണലിക്ക് വാലിന് നീളമുണ്ടാകും. അണലിക്ക് പതിനഞ്ച് ദിവസത്തോളം ചികിത്സ നൽകിയാൽ മാത്രമേ ക്ഷതമേറ്റ നിലയിൽ നിന്ന് ആരോഗ്യം വീണ്ടെടുക്കുകയുള്ളൂവെന്ന് വാവ പറഞ്ഞു. പാമ്പ് നല്ല ക്ഷീണിതനാണ്. വേദന അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കടിയേറ്റാൽ വലിയ അപകട‌മാണെന്നും പല്ല് പുറത്തെടുക്കാൻ ബുദ്ധിമുട്ടാണെന്നും വാവ വെളിപ്പെടുത്തി. പാമ്പിന് വെള്ളം നൽകുക കൂടി ചെയ്തിട്ടാണ് വാവ അണലിയെ ചാക്കിലാക്കിയത്.