prone-

ഉത്പന്നമോ വസ്തുവോ എന്തായാലും കയറ്റുമതി വിപണിയിൽ വാങ്ങുന്നവരുടെ താത്പര്യത്തിനാണ് എപ്പോഴും മുൻഗണന. ആമകൾ ചെമ്മീൻ ട്രോൾ വലകളിൽ കുടുങ്ങുന്നത് തടയാനുള്ള 'ടർട്ടിൽ എക്സ്‌ക്ളൂ‌ഡർ ഡിവൈസ്"(ടെ‌ഡ്) നിർബന്ധമാക്കിക്കൊണ്ടുള്ള അമേരിക്കയുടെ ഉത്തരവു വന്നിട്ട് 28 വർഷം കഴിഞ്ഞു. കയറ്റുമതി നിരോധനം വന്നിട്ട് ആറുവർഷമായി. ഇതുവരെ പ്രശ്‌നത്തിന് പരിഹാരം കാണാൻ നമുക്കു കഴിഞ്ഞിട്ടില്ല.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലിൽ ആമകൾ കുറവാണെന്നും, കിഴക്കൻ തീരക്കടലിൽ നിയമം മൂലം 'ടെഡ്"

നിർബന്ധമാക്കിയെന്നും,​ അതുകൊണ്ടുതന്നെ ആമകൾ സംരക്ഷിക്കപ്പെടുന്നുവെന്നും അമേരിക്കയെ ബോദ്ധ്യപ്പെടുത്താനാണ് ഇതുവരെ ഇന്ത്യ ശ്രമിച്ചുകൊണ്ടിരുന്നത്. അതേസമയം, ട്രോൾ വലകളിൽ 'ടെഡ്" ഘടിപ്പിച്ചാൽ മാത്രമേ ചെമ്മീൻ കയറ്റുമതി സുഗമമായി നടക്കുകയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികളെ ബോദ്ധ്യപ്പെടുത്തുന്നതിലും അത് പ്രാവർത്തികമാക്കുന്നതിലും നമ്മൾ പരാജയപ്പെട്ടു.

കൊച്ചിയിലെ സെൻട്രൽ ഇസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സി.ഐ. എഫ്.ടി)​ വികസിപ്പിച്ച 'ടെഡ്" അമേരിക്ക അംഗീകരിച്ച പശ്ചാത്തലത്തിൽ അവ ചെമ്മീൻ ട്രോൾ വലകളിൽ ഘടിപ്പിച്ച് പ്രശ്‌നം തീർക്കുന്നതാണ് ഉചിതമായ മാർഗം. സി.ഐ.എഫ്.ടി.യുടെ തന്നെ പഠനപ്രകാരം ട്രോൾ വലകളിൽ ആമ രക്ഷപ്പെടുന്ന വഴിയിലൂടെ നാല് ശതമാനം വരെ മത്സ്യവും രക്ഷപ്പെടാം. ഇത് 30 ശതമാനമെങ്കിലും വരുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ വാദം. ഇന്ധനക്ഷമത കുറയുമെന്നതാണ് മറ്റൊരു ഭീതി. 'ടെഡ്" ഉപയോഗം മൂലം സമുദ്ര ജലത്തിലെ മാലിന്യങ്ങളൊന്നും വലയിൽ ശേഖരിക്കപ്പെടുന്നില്ല എന്നതിനാൽ ഇന്ധനക്ഷമത കുറയില്ല എന്നതാണ് യാഥാർത്ഥ്യം.

അതിലുപരി, സാധാരണഗതിയിൽ ചെമ്മീനിനൊപ്പം മറ്റു മത്സ്യങ്ങളും കടലിലെ മാലിന്യങ്ങളും മറ്റും വലയിൽ ശേഖരിക്കപ്പെടുന്നതു കാരണം പിടിക്കപ്പെടുന്ന ചെമ്മീനിന് പരിക്കു പറ്റാറുണ്ട്. ഇക്കാരണംകൊണ്ട്, കയറ്റുമതിക്കു യോഗ്യമായ ചെമ്മീനിൽ 41 ശതമാനം കുറവുണ്ടാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ഉൾപ്പെടെ 'ടെഡ്" ഉപയോഗത്തെ മത്സ്യത്തൊഴിലാളികൾ ആദ്യം എതിർത്തിരുന്നു എന്നത് വസ്തുതയാണ്. മലേഷ്യയിൽ 'ടെഡ്" ഉപയോഗത്തെ നഖശിഖാന്തം എതിർത്ത രണ്ടു മത്സ്യത്തൊഴിലാളികളെ അമേരിക്കയിലേക്ക് പരിശീലനത്തിന് അയയ്ക്കുകയും, പരിശീലനത്തിനു ശേഷം അവർ 'ടെഡി"ന്റെ അംബാസഡർമാരാവുകയും ചെയ്തു എന്നതും കൗതുകകരം!

ഫിഷറി സർവേ ഒഫ് ഇന്ത്യയുടെ വൈദഗ്ദ്ധ്യവും കപ്പലുകളും 'ടെഡി"ന്റെ പരീക്ഷണങ്ങൾക്കും മത്സ്യത്തൊഴിലാളികളുടെ ബോധവത്കരണത്തിനും മറ്റും ഉപയോഗിക്കാവുന്നതാണ്. 'ടെഡ്" നടപ്പാക്കാൻ ആവശ്യമായ സാങ്കേതിക സഹായവും പരിശീലന പദ്ധതികളും നൽകാമെന്ന അമേരിക്കയുടെ വാഗ്ദാനം സ്വീകരിക്കുന്നതും ഗുണകരമാകും. 'ടെഡ്" വാങ്ങുന്നതിന് ആവശ്യമായ 25,000 മുതൽ 30,000 രൂപ വരെയുള്ള തുക ആരു നൽകുമെന്നതാണ് അടുത്ത പ്രശ്‌നം. ബോട്ട് ഉടമകൾക്ക് അധിക ബാദ്ധ്യത വരുത്താതെ, പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പോലുള്ള പദ്ധതികൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

സമുദ്രതീരമുള്ള സംസ്ഥാനങ്ങൾ അവരുടെ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ചെമ്മീൻ ട്രോൾ വലകളിൽ മാത്രം 'ടെഡ്" ഉപയോഗം നിർബന്ധിതമാക്കുകയാണ് ചെയ്യേണ്ടത്. ആമ മുട്ടയിടാനെത്തുന്ന മാസങ്ങളിൽ ആ തീരക്കടലിൽ ചെമ്മീൻ ട്രോൾ വല നിരോധിക്കുന്നതും അഭികാമ്യമാണ്. ആമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മകളെയും സംഘങ്ങളെയും അംഗീകരിക്കുകയും, അവയുടെ പ്രവർത്തനത്തിന് അന്താരാഷ്ട്ര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് പര്യാപ്തമാക്കുകയും ചെയ്യുക, ആമകളെ നിരീക്ഷിക്കുന്നതിന് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കുക, മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിവരശേഖരണം നടത്തുക, ആമകൾക്ക് മുട്ടയിടാൻ തടസമുണ്ടാക്കുന്ന സമുദ്രതീര വനവൽക്കരണ പദ്ധതികൾ ഉപേക്ഷിക്കുക എന്നിവയാണ് മറ്റു നിർദ്ദേശങ്ങൾ. ഇത്രയും കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കി ഈ സെപ്തംബറിലെങ്കിലും രേഖകൾ സമർപ്പിച്ചാലേ അടുത്തവർഷം മേയ് മുതൽ അമേരിക്കയിലേക്കുള്ള കടൽച്ചെമ്മീൻ കയറ്റുമതി സാദ്ധ്യമാവുകയുള്ളൂ.

കടൽച്ചെമ്മീൻ കയറ്റുമതി നിരോധനം കാരണം ഏറ്റവും വലിയ നഷ്ടമുണ്ടാകുന്നത് കേരളത്തിനാണ് എന്നതിനാൽ സംസ്ഥാന സർക്കാർ ഇതിന് മുൻകൈയെടുക്കേണ്ടതാണ്. മത്സ്യബന്ധന മേഖലയ്ക്കു മാത്രമായും കയറ്റുമതി അംഗീകാരം നൽകിയിട്ടുണ്ട് എന്നതിനാൽ കേരളത്തിലെ ചെമ്മീൻ മത്സ്യബന്ധന മേഖലയ്ക്കു മാത്രമായും ശ്രമിക്കാവുന്നതാണ്. അമേരിക്കയിലേക്കുള്ള കടൽച്ചെമ്മീൻ കയറ്റുമതി യാഥാർത്ഥ്യമായാൽ മാത്രമേ നമ്മുടെ ചെമ്മീനിന് വില കിട്ടുകയുള്ളൂ. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഗുണമേന്മയോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചെമ്മീനും മറ്റു മത്സ്യ വിഭവങ്ങളും വിതരണം ചെയ്യാനുള്ള ഒരു ശൃംഖല സൃഷ്ടിച്ചാൽ മത്സ്യങ്ങളുടെ വില കുറയുന്ന പ്രതിഭാസത്തിന് തടയിടാനാവും. വിദേശ രാജ്യങ്ങളുടെ നിയന്ത്രണ വലകളിൽ നിന്നും മോചനവുമാവും.

കടലാമയ്ക്ക്

കരുതൽ

മത്സ്യത്തൊഴിലാളികൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ച്ചൊറിയേയും പഫർ മത്സ്യങ്ങളെയും നിയന്ത്രിക്കുന്നതിൽ കടലാമകൾ വലിയ പങ്കുവഹിക്കുന്നു. പവിഴപ്പുറ്റുകളെയും പവിഴപ്പാറകളെയും സംരക്ഷിക്കുന്നതിനൊപ്പം കടൽപ്പുല്ലുകളെ പരിപാലിക്കുന്നതിലും കടലാമകളുടെ പങ്ക് ചെറുതല്ല. 10-15 വർഷം കഴിയുമ്പോഴാണ് കടലാമകൾ പ്രായപൂർത്തിയാവുക. ജനിച്ച മണ്ണിൽത്തന്നെ മുട്ടയിടാൻ എത്തുക എന്ന സ്വഭാവം പലയിനം കടലാമകൾക്കുമുണ്ട്. കരയിൽ സ്വയം നിർമിക്കുന്ന കുഴിയിൽ 100 മുതൽ 150 വരെ മുട്ടകൾ നിക്ഷേപിച്ചതിനുശേഷം ഇവ കടലിലേക്കു മടങ്ങും.

മുട്ടയിട്ട കൂട് (കുഴി) തിരിച്ചറിയാതിരിക്കാൻ ഒന്നിലധികം കൂടുകൾ ഉണ്ടാക്കും. 45 മുതൽ 70 ദിവസം വരെ വേണം മുട്ട വിരിയാൻ. കുഞ്ഞ് ആണോ പെണ്ണോ എന്ന് നിശ്ചയിക്കുന്നത്, മുട്ട വിരിയുന്ന മണ്ണിലെ താപനിലയാണ്. താപനില കുറഞ്ഞാൽ ആണായും, കൂടുതലായാൽ പെണ്ണായും ജനിക്കും. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ കടലിലേക്ക് യാത്രയാകും. ഇങ്ങനെ വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ ഒന്നു മാത്രമേ പ്രായപൂർത്തിയാകും വരെ ജീവിക്കാറുള്ളൂ. ബാക്കിയുള്ളവ മറ്റു സമുദ്ര ജീവികളുടെ ഭക്ഷണമായിത്തീരാറാണ് പതിവ്. ഏകദേശം 80 വർഷം വരെയാണ് കടലാമകളുടെ ആയുസ്സ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്നതിന്റെ മൂന്നിൽ ഒരു ഭാഗം (ഏകദേശം 65 ലക്ഷം ) കടലാമകൾ മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ.