monkeypox

ലോകത്ത് വീണ്ടും ആശങ്കയായി എംപോക്‌സ് (മങ്കിപോക്സ്). എംപോക്സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് എംപോക്‌സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഡി.ആർ. കോംഗോയിൽ തുടങ്ങിയ രോഗവ്യാപനം അടുത്തിടെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ജനുവരി മുതൽ 14,500ലേറെ എംപോക്സ് കേസുകളും 450ലേറെ മരണവുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം കേസുകളും മരണവും ഡി.ആർ. കോംഗോയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഒഫ് കോംഗോ, കാമറൂൺ തുടങ്ങിയവയാണ് രോഗവ്യാപനം ശക്തമായ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ.

വ്യാഴാഴ്ച സ്വീഡനിൽ ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യ എംപോക്സ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ പാകിസ്ഥാനിലെ ഖൈബർ പക്‌തൂൻഖ്വ പ്രവിശ്യയിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുള്ള രണ്ട് പേർ നിരീക്ഷണത്തിലാണ്. ഇവർ അടുത്തിടെ യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയവരാണ്.

വൈറസ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തേക്ക് എത്തുന്നവരെ നിരീക്ഷിക്കാൻ ചൈന തീരുമാനിച്ചു. ആറ് മാസം നിരീക്ഷണം തുടരും. എംപോക്സ് വൈറസിന്റെ തീവ്രതയേറിയ വകഭേദമാണ് വ്യാപിക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ അതിർത്തികൾ അടയ്ക്കുകയോ വേണ്ട എന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു.

വ്യാപനം വേഗത്തിൽ

ലക്ഷണങ്ങൾ

പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ശരീരത്തിൽ ചിക്കൻപോക്‌സിന് സമാനമായ ചെറു മുഴകൾ