sidharamaya


ഭൂമി നൽകിയത് ബി.ജെ.പി ഭരിക്കുമ്പോൾ

ബംഗളുരു: ഭാര്യയുടെ പേരിൽ ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകി. ഇതിനെതിരെ കോൺഗ്രസ് നിയമയുദ്ധത്തിന് ഒരുങ്ങുകയാണ്.

മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിട്ടിയുടെ (മുഡ) 14ഹൗസിംഗ് പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും ഖജനാവിന് 45കോടി നഷ്‌ടമുണ്ടെന്നുമാണ് പരാതി. 2021ൽ ബി. ജെ. പി ഭരിക്കുമ്പോഴാണ് പാർവതിക്ക് ഭൂമി അനുവദിച്ചത്. പാർവതിയുടെ 3.16 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തതിന് പകരമായാണ് മൈസുരുവിലെ കണ്ണായ സ്ഥലത്ത് 14 പ്ലോട്ടുകൾ അനുവദിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ പകുതിക്ക് തുല്യമായ പ്ലോട്ടുകൾ നൽകുന്ന സ്‌കീം അനുസരിച്ചായിരുന്നു ഇത്.

കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അനുമതി തേടി മൂന്ന് അഴിമതി വിരുദ്ധപ്രവർത്തകർ നൽകിയ പരാതിയിലാണ്

ഗവർണറുടെ തീരുമാനം. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ കഴിഞ്ഞ മാസം 26നാണ് ഗവർണർക്ക് പരാതി നൽകിയത്. സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്. യതീന്ദ്ര,​ ഭാര്യാസഹോദരൻ ബി. വി മല്ലികാർജുൻ,​ 'മുഡ' ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. ഏഴ് ദിവസത്തിനുള്ളിൽ മറുപടി ആവശ്യപ്പെട്ട് അന്നുതന്നെ സിദ്ധരാമയ്യയ്‌ക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

ആരോപണങ്ങൾ

1. 2004ൽ സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ ബി. എം. മല്ലികാർജുൻ മൈസുരുവിലെ കേസരെ ഗ്രാമത്തിൽ 3.16 ഏക്കർ ഭൂമി സ്വന്തമാക്കിയതിൽ അഴിമതിയുണ്ട്.

2. 1998ൽ വാങ്ങിയതാണെന്ന് റവനു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൃത്രിമ രേഖകളുണ്ടാക്കി രജിസ്ട്രേഷൻ നടത്തി.

3. 2010ൽ മല്ലികാർജുൻ ഈ ഭൂമി പാർവതിക്ക് നൽകി. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പാർവതി നഷ‌്ടപരിഹാരം ആവശ്യപ്പെട്ടു.

4. 2023 ഒക്ടോബറിൽ സിദ്ധരാമയ്യ സർക്കാർ രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചു.

കുറ്റം ബോദ്ധ്യപ്പെട്ടെന്ന് ഗവർണർ

1988ലെ അഴിമതി നിരോധന നിയമത്തിലെ 17 എ, 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 218 വകുപ്പുകൾ പ്രകാരം അനുമതി നൽകുന്നു. കുറ്റം നടന്നതായി പ്രഥമദൃഷ്‌ട്യ ബോദ്ധ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്.

''ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. നിയമപരമായി നേരിടും. ബി.ജെ. പി ഭരണകാലത്താണ് ഭൂമി അനുവദിച്ചത്. ബി.ജെ. പിക്കാർ തന്നെ ഇപ്പോൾ അത് നിയമവിരുദ്ധമാണെന്ന് പറയുന്നു.

--സിദ്ധരാമയ്യ