ന്യൂയോർക്ക്: ആഗോള ടെക് ഭീമനായ ഗൂഗിളിനെ നിയന്ത്രിക്കാനുള്ള സാദ്ധ്യതകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ സെർച്ച് വിപണിയിൽ ഗൂഗിളിന്റെ കുത്തകവത്കരണം തടയണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗൂഗിളിനെ ചെറുഘടകങ്ങളാക്കി മാറ്റാനാണ് നീക്കമെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിൾ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് അടുത്തിടെ കൊളംബിയ കോടതി വിധിച്ചിരുന്നു. വിവിധ വ്യവസായ യൂണിറ്റുകൾ വിൽക്കാൻ ഗൂഗിളിനെ പ്രേരിപ്പിക്കുന്നതിനുള്ള സാദ്ധ്യതകളാണ് അധികൃതർ ചർച്ചകൾ ചെയ്യുന്നത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്രോം വെബ് ബ്രൗസർ എന്നിവയെ ആണ് ഇതിനായി പ്രധാനമായും പരിഗണിക്കുന്നതെന്നും പറയപ്പെടുന്നു. അതേ സമയം, കോടതി വിധിക്കെതിരെ ഗൂഗിൾ അപ്പീൽ നൽകിയേക്കും.