bangles

പവൻ വില 840 രൂപ ഉയർന്ന് 53.360 രൂപയിലെത്തി

കൊച്ചി: ചിങ്ങമാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വൻകുതിപ്പ് ദൃശ്യമായി. പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 6,670 രൂപയിലെത്തി. അമേരിക്കയിലെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കുകൾ കുത്തനെ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച രാജ്യാന്തര സ്വർണ വില റെക്കാഡ് വർദ്ധന രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചു. ലണ്ടൻ വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന് 2,518 ഡോളർ വരെ ഉയർന്ന വില ലാഭമെടുപ്പ് ശക്തമായതോടെ 2,500 ഡോളറിലേക്ക് താഴ്ന്നു.അമേരിക്കയിൽ പലിശ കുറയുമ്പോൾ കടപ്പത്രങ്ങൾ, ഡോളർ എന്നിവയുടെ മൂല്യം കുറയുമെന്നതിനാലാണ് നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയത്.

കഴിഞ്ഞ മാസം ബഡ്‌ജറ്റിൽ കസ്‌റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ വില പവന് ഒരവസരത്തിൽ 50,400 രൂപ വരെ താഴ്‌ന്നിരുന്നു. ഇതിനു ശേഷം ഇതുവരെ പവൻ വിലയിൽ 2,960 രൂപയുടെ വർദ്ധനയുണ്ടായി.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയിൽ പലിശ കുറയ്ക്കാനുള്ള സാദ്ധ്യതകളും ഇന്ത്യയിൽ സ്വർണ വില വീണ്ടും കൂടാനിടയാക്കും

അഡ്വ. എസ്. അബ്ദുൽ നാസർ

സംസ്ഥാന ട്രഷറർ

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

ജുവലറികളിൽ തിരക്കേറുന്നു

സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങൾ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളിൽ തിരക്ക് കൂടുന്നു. ചിങ്ങ മാസം മുതൽ വിവാഹ സീസൺ ആരംഭിക്കുന്നതിനാൽ വിലയിലെ വൻ വർദ്ധന ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ചരക്ക്, സേവന നികുതിയും സെസും പണിക്കൂലിയുമടക്കം നിലവിൽ സ്വർണം വാങ്ങുമ്പോൾ വില പവന് 58,000 രൂപയിലധികമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് ജുവലറി മേഖലയിലുള്ളവർ പറയുന്നു.