മുംബയ്: അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയെ ടാക്സി ഡ്രൈവറും പോലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മുലുന്ദ് സ്വദേശിയായ 56കാരിയെ ടാക്സി ഡ്രൈവറും പൊലീസും രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടൽ സേതുവിന്റെ കൈവരിയിലിരുന്ന സ്ത്രീ എന്തോ കടലിലേക്ക് വലിച്ചെറിയുന്നത് കണ്ടതോടെ കാർ ഡ്രൈവർക്ക് സംശയം തോന്നി. ഡ്രൈവർ ഇറങ്ങി അവരോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെ സ്ത്രീ കടലിലേക്ക് ചാടി. പെട്ടെന്ന് സ്ത്രീയുടെ കൈയിൽ ഡ്രൈവർക്ക് പിടിത്തം കിട്ടി. വീഴാതെ പിടിച്ചുനിറുത്തി. ഉടനെ സമീപത്തുണ്ടായിരുന്ന പൊലീസിന്റെ പട്രോളിങ് വാഹനം പാഞ്ഞെത്തുകയും ഉദ്യോഗസ്ഥർ പാലത്തിനു മുകളിൽ കയറി രക്ഷിക്കുകയുമായിരുന്നു.
നവി മുംബയ് പൊലീസിലെ ലളിത് ഷിർസത്, കിരൺ മഹ്‌ത്രേ, യഷ് സോനാവാനെ. മയൂർ പട്ടീൽ എന്നിവർ സയോചിത ഇടപെടലാണ് നടത്തിയതെന്ന് മുംബയ് പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പങ്കുവച്ചു. അതേസമയം രക്ഷകനായ കാർ ഡ്രൈവർ ആരാണെന്ന് വ്യക്തമല്ല.