മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ 2024/25 സീസണിലെ ആദ്യ ജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്. കഴിഞ്ഞ ദിവസം നടന്ന സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ഫുൾഹാമിനെ കീഴടക്കി. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 87-ാം മിനിട്ടിൽ ഡച്ച് താരം ജോഷ്വാ സിർക്സിയാണ് യുണൈറ്റഡിന്റ വിജയഗോൾ നേടിയത്. ഈ സീസണിൽ യുണൈറ്റഡിൽ എത്തിയ ജോഷ്വായുടെ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരം ഗോൾ രഹിതമായി അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഗർനാച്ചോയുടെ ക്രോസ് ജോഷ്വാ മനോഹരമായി ഫുൾഹാമിന്റെ വലയ്ക്കുള്ലിലാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ലിവർ പുൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇപ്‌സ്വിച്ച് ടൗണിനെ തോൽപ്പിച്ച്. ഡിയാഗോ ജോട്ടയും മൊഹമ്മദ് സലയുമാണ് സ്‌കോറർമാർ. രണ്ടാം പകുതിയിൽ 60,65 മിനിട്ടുകളിലാണ് ലിവറിന്റെ അക്കൗണ്ടിൽ ഗോളുകളെത്തിയത്. ജോർഗൻ ക്ലോപ്പിന് പകരക്കാരനായി ലിവറിന്റെ പരിശീലനച്ചുമത ഏറ്റെടുത്ത ആർനെ സ്ലോട്ടിന് പ്രിമിയർ ലീഗിൽ വിജയത്തോടെ തുടങ്ങാൻ കഴിഞ്ഞത് നേട്ടമായി.
15- പ്രിമിയർ ലീഗ് അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന 15-ാമത്തെ ഡച്ച് താരമാണ് ജോഷ്വാ സിർക്സി. ഇതിൽ നാല് പേരും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങൾ ആണ്.
12- പ്രിമിയർ ലീഗിൽ തങ്ങളുടെ സീസണിലെ ആദ്യ മത്സരങ്ങളിൽ ലിവർപൂൾ തോൽവി അറിയാതെ പൂർത്തിയാക്കുന്ന തുടർച്ചയായ 12-ാം മത്സരമാണിത്. 2012-13ൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനോട് തോറ്റശേഷം പിന്നീട് ലിവർപൂൾ സീസണിലെ ആദ്യ മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.
പ്രിമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഗോൾനേടിയ താരമായി മുഹമ്മദ് സല.