pic

ടെൽ അവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ അടക്കം 11 പേരെ വധിച്ച് ഇസ്രയേൽ. വടക്കൻ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്ന ഹിസ്ബുള്ളയുടെ റഡ്‌വാൻ ഫോഴ്സിന്റെ കമാൻഡർ ഹുസൈൻ ഇബ്രാഹിമിനെയാണ് വധിച്ചത്. ഇന്നലെ ടൈർ മേഖലയിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെ ഹുസൈന് നേരെ ഇസ്രയേലി ഡ്രോൺ ബോംബ് വർഷിക്കുകയായിരുന്നു. ഇതിനിടെ, തെക്കൻ ലെബനനിലെ നബാത്തിയേയ്ക്ക് സമീപം ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയും ഇസ്രയേൽ ബോംബിട്ട് തകർത്തു. പത്ത് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം സിറിയൻ പൗരന്മാരാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.

ആക്രമണങ്ങൾക്ക് പിന്നാലെ വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള 55 റോക്കറ്റുകൾ വിക്ഷേപിച്ചു. വ്യാപക തീപിടിത്തമുണ്ടായി. രണ്ട് പേർക്ക് പരിക്കേറ്റു. മാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേ,​ ഹിസ്ബുള്ള ഉന്നത കമാൻഡ‌ർ ഫൗദ് ഷുക്ർ എന്നിവരെ ഇസ്രയേൽ ജൂലായിൽ വധിച്ചിരുന്നു.

ഇതിന്റെ തിരിച്ചടിയായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാനും ഹിസ്ബുള്ളയും ഒരുങ്ങുന്നതിനിടെയാണ് ലെബനന്റെ ഉള്ളിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചത് മുതൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

 മരണം 40,070

ഗാസയിലെ സവായ്‌ദ നഗരത്തിൽ ഇന്നലെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ എട്ട് കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടു. പുലർച്ചെ ജനവാസ മേഖലയിലേക്ക് മൂന്ന് മിസൈലുകൾ പതിക്കുകയായിരുന്നു. ഇതിനിടെ, മദ്ധ്യ ഗാസയിലെ മഘാസിയിൽ നിന്നടക്കം ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ നിർദ്ദേശം നൽകി. 48 മണിക്കൂറിനിടെ ഗാസയിൽ 69 പേർക്ക് ജീവൻ നഷ്ടമായി. മരണസംഖ്യ 40,070 കടന്നു.

 പ്രതീക്ഷയെന്ന് ബൈഡൻ,

തള്ളി ഹമാസ്

ഗാസയിൽ വെടിനിറുത്തലിനായി ഖത്തറിലെ ദോഹയിൽ തുടങ്ങിയ ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വ്യാഴാഴ്ച തുടങ്ങിയ ചർച്ച വെള്ളിയാഴ്ച താത്കാലികമായി നിറുത്തിയിരുന്നു. വരും ദിവസങ്ങളിൽ പുനരാരംഭിക്കും. ഇരുപക്ഷത്തിനും അനുയോജ്യമായ തരത്തിൽ മാറ്റങ്ങൾ വരുത്തിയ പുതിയ വെടിനിറുത്തൽ നിർദ്ദേശം യു.എസ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ കരാറിൽ ഇസ്രയേൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. കരാർ വിജയത്തിലേക്ക് അടുത്തെന്ന വാർത്ത തെറ്റാണെന്നും ഹമാസ് പറഞ്ഞു.