crime
സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച് മാറ്റിയ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് നടപടി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗംഗേശാനന്ദയെ പ്രതിചേര്‍ത്തിരുന്നു. 2017 മേയ് 19ന് രാത്രിയാണ് സ്വാമിക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം പേട്ട പൊലീസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്.അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി സമര്‍പ്പിച്ച കുറ്റപത്രം മടക്കിയത്.

പേട്ട പൊലീസ് തയ്യാറാക്കിയ സീന്‍ മഹസര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്വാമിയെ ആക്രമിച്ച കേസില്‍ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലൈംഗിക അതിക്രമം തടയുന്നതിനിടെയാണ് സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതെന്നായിരുന്നു പൊലീസില്‍ പെണ്‍കുട്ടി നല്‍കിയ മൊഴി. ഗംഗേശാനന്ദയ്ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചത്.

ലൈംഗിക അതിക്രമം തടയാനാണ് സ്വാമിയെ അക്രമിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരുന്നതെങ്കിലും പിന്നീട് ഹൈക്കോടതിയിലടക്കം മൊഴിമാറ്റിയിരുന്നു. സ്വാമി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും തന്റെ സുഹൃത്തായിരുന്ന അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു അതിക്രമം നടത്തിച്ചത് എന്നുമായിരുന്നു പെണ്‍കുട്ടിയുടെ രണ്ടാമത്തെ മൊഴി. 2020ല്‍ ഗംഗേശാനന്ദ ഡിജിപിക്ക് നല്‍കിയ പരാതിയില്‍, തന്നെ കേസില്‍ കുടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ഗംഗേശാനന്ദയും മൊഴി മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും നിലപാട് മാറ്റിയ ഗംഗേശാനന്ദ ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.