pic

മോസ്കോ: റഷ്യയിലെ കുർസ്‌ക് മേഖലയിൽ സെയിം നദിക്ക് കുറുകേയുള്ള തന്ത്രപ്രധാന പാലം തകർത്ത് യുക്രെയിൻ. കുർസ്‌ക് മേഖലയിൽ യുക്രെയിൻ സൈന്യം കടന്നുകയറ്റം തുടരുന്നതിനിടെയാണിത്. ഇവിടെ ജനങ്ങളെ ഒഴിപ്പിക്കാൻ നിന്നിരുന്ന വോളന്റിയർമാർ കൊല്ലപ്പെട്ടെന്ന് റഷ്യ പറഞ്ഞു. എന്നാൽ എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയില്ല. മോസ്കോയിൽ നിന്ന് ആയുധങ്ങളും മറ്റും എത്തിക്കാൻ റഷ്യൻ സൈന്യം ഉപയോഗിച്ചിരുന്ന പാലമാണിത്. യു.എസ് നൽകിയ ഹിമാർസ് മിസൈൽ കൊണ്ടാണ് യുക്രെയിൻ പാലം തകർത്തതെന്ന് റഷ്യ ആരോപിച്ചു. കുർസ്‌കിൽ യുക്രെയിൻ സൈന്യം ശക്തിയാർജ്ജിക്കുകയാണെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പറഞ്ഞു. ഈ മാസം 6 മുതലാണ് യുക്രെയിൻ സൈനികർ റഷ്യൻ അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നുകയറ്റം ആരംഭിച്ചത്. ഇതുവരെ 82 ഗ്രാമങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തെന്നും റഷ്യയുടെ 1,150 ചതുരശ്ര കിലോമീറ്റർ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും യുക്രെയിൻ അവകാശപ്പെട്ടു.

ഏറ്റുമുട്ടൽ ശക്തമാക്കിയ റഷ്യൻ സൈന്യം ഈ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി റിപ്പോർട്ടില്ല. എന്നാൽ യുക്രെയിൻ സ്ഥാപിച്ച സൈനിക പോസ്റ്റും പാശ്ചാത്യ ആയുധ ശേഖരവും തകർത്തു. കുർസ്‌കിലെ യുക്രെയിൻ കടന്നുകയറ്റം സമീപത്തെ ബെൽഗൊറോഡ് മേഖലയിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയുണ്ട്. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബെൽഗൊറോഡിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്ന് നാളെ മുതൽ ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങും.