kerala
അനൂപ് പഞ്ചായത്ത് ഓഫീസിനുള്ളില്‍

കൊച്ചി: പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് ഉള്ളിലെത്തി മാലിന്യം തള്ളി വ്യാപാരി നടത്തിയത് വ്യത്യസ്തമായ പ്രതിഷേധം. എറണാകുളം പെരുമ്പാവൂരിലെ വേങ്ങോല പഞ്ചായത്ത് കാര്യാലയത്തിലാണ് സംഭവം അരങ്ങേറിയത്. വേങ്ങോലയില്‍ മത്സ്യവ്യാപാരം നടത്തുന്ന അനൂപ് എന്ന വ്യാപാരി പഞ്ചായത്തിലെത്തി ഓഫീസിനുള്ളില്‍ മാലിന്യം തള്ളുകയായിരുന്നു. തന്റെ കടയുടെ മുന്നില്‍ മാലിന്യം കുന്നുകൂടിയെന്ന കാര്യം അനൂപ് പഞ്ചായത്തിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതില്‍ സഹികെട്ടാണ് വ്യാപാരി ഇത്തരത്തില്‍ പ്രതിഷേധിച്ചത്.

ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ ചാക്കുമായി അനൂപ് ആദ്യം എത്തിയത് ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഹാളിലായിരുന്നു. ഇത് ഇവിടെ കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍ അതേ ബുദ്ധിമുട്ട് തന്നെയാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന് നിങ്ങളും മനസിലാക്കണമെന്ന് അനൂപ് ഉദ്യോഗസ്ഥരോട് പറഞ്ഞു.പല തവണ പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ മാലിന്യം എടുത്തുകൊണ്ടുപോകാന്‍ തയ്യാറായിട്ടില്ലെന്നും അതിനാലാണ് താന്‍ പ്രതിഷേധിച്ചതെന്നും അനൂപ് പ്രതികരിച്ചു.

ഹരിത കര്‍മസേന ശേഖരിച്ച മാലിന്യമാണ് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ അനൂപിന്റെ കടയ്ക്ക് മുന്നില്‍ വീണത്. എന്നാല്‍ അനൂപ് കൊണ്ടുവന്ന മാലിന്യം വെങ്ങോല പഞ്ചായത്തിന്റേത് അല്ലന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അനൂപിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ അനൂപിനെതിരെ കേസെടുക്കുമെന്ന് പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു.