കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ പ്രതി തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രിയരഞ്ജന്റെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. കേസിന്റെ വിചാരണ നംവബർ ഒന്നിന് ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. ജാമ്യംകിട്ടിയാൽ നാടുവിടാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുള്ളതും കണക്കിലെടുത്തു.
10 മാസമായി ജയിലിലാണെന്നും വിചാരണ നീണ്ടുപോകുകയാണെന്നുമുള്ള ഹർജിക്കാരന്റെ വാദം അംഗീകരിച്ചില്ല. ഒന്നുമുതൽ 26 വരെയുള്ള പ്രധാന സാക്ഷികളുടെ പരിശോധന പൂർത്തിയായശേഷം പ്രതിക്ക് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകാമെന്ന് നിർദ്ദേശിച്ചായിരുന്നു നേരത്തേ ഹൈക്കോടതി ജാമ്യഹർജി തള്ളിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 30ന് വൈകിട്ട് അഞ്ചിന് സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആദിശേഖർ എന്ന വിദ്യാർത്ഥിയെ പ്രതി പിന്നിൽനിന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതിൽ പ്രതിക്ക് വിരോധമുണ്ടായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കൾ മൊഴിനൽകിയിരുന്നു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചായിരുന്നു അറസ്റ്റ്.