prathi
പ്രതികൾ

കിഴക്കമ്പലം: പെരുമ്പാവൂർ വാ‌ഴക്കുളത്ത് 70 കിലോ കഞ്ചാവുമായി അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ റായിഗഡ ബോരിക്കൽ ദ്യുര്യോധനൻ ഖുറ (34), അക്ഷയ ലബാട്ടിയ (20), വിദ്യാ ഖുഡുംഭഗ (27), ഹരിചന്ദർ ഖുഷുലിയ (24), കണ്ഡമാൽ ഉദരപ്പംഗ സുധീർ ദിഗൽ (26) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പി‌ടികൂടിയത്.

വാഴക്കുളം പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. പെരുമ്പാവൂരിലെ ഭായി കോളനിയിൽ വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് പ്രത്യേകം ബാഗുകളിലാക്കിയ നിലയിലായിരുന്നു . ഒഡീഷയിലെ റായ്ഗഡിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി കഴിഞ്ഞ 15 ന് തീവണ്ടി മാർഗമാണ് നഗരത്തിലെത്തിയത്. പൊലീസ് പിടികൂടാതിരിക്കാൻ പല വണ്ടികൾ മാറിക്കയറി ഊടുവഴികളിലൂടെ പെരുമ്പാവൂരിലെത്താനായിരുന്നു നീക്കം. ദുര്യോധനൻ ഖുറ ദീർഘകാലം ചെമ്പറക്കിയിൽ ജോലി ചെയ്തിരുന്നു. അയാൾക്ക് വഴികളെക്കുറിച്ച് ധാരണയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കിലോയ്ക്ക് 25000 മുതൽ 30000 രൂപ വരെയായിരുന്നു വില്പന. കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്തുണ്ടായ വലിയ മയക്കുമരുന്ന് വേട്ടയാണിത്. എ.എസ്.പി മോഹിത് റാവത്ത്, പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ കെ. ഉണ്ണിക്കൃഷ്ണൻ, സി.എ. ഇബ്രാഹിം കുട്ടി, എ.എസ്.ഐമാരായ പി.എ. അബ്ദുൾ മനാഫ്. കെ.എ. നൗഷാദ്, എസ്.സി.പി.ഒ ടി.എൻ. മനോജ് കുമാർ,ടി.എ. അഫ്സൽ, സി.പി.ഒമാരായ അരുൺ കെ. കരുൺ, ബെന്നി ഐസക്ക്, റോബിൻ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.