ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് ഇനിയും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടാണ് സന്ദര്‍ശനം. എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ ടിഡിപിയിലെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പമാണ് നായിഡു നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു, ഗ്രാമ വികസന വകുപ്പ് മന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി എന്നിവര്‍ക്കൊപ്പമാണ് നായിഡു എത്തിയത്.
സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചുവെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം. നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ച നായിഡു, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ സഖ്യകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രപ്രദേശിന് 15,000 കോടിയാണ് കേന്ദ്രം അനുവദിച്ചത്.
മറ്റൊരു സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറിനും കേന്ദ്രം വാരിക്കോരി പണം നല്‍കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ച് സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തുന്ന ബഡ്ജറ്റ് എന്ന വിമര്‍ശനം ഇപ്പോഴും സജീവമായി നില്‍ക്കുന്നതിനിടെയാണ് കൂടുതല്‍ സഹായം ആവശ്യപ്പെട്ട് നായിഡുവിന്റെ ഡല്‍ഹി യാത്ര. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 2019-20നെ അപേക്ഷിച്ച് 2023-24ല്‍ ആന്ധ്രയുടെ പൊതുകടം ജിഡിപിയുടെ 31 ശതമാനത്തില്‍നിന്ന് 33.32 % ആയി വര്‍ദ്ധിച്ചിട്ടുണ്ട്.